തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ ശംഖുമുഖം കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ. ജോണ്‍സന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും സ്വന്തം ജീവന്‍ അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാന്‍ ജോണ്‍സണ്‍ സാഹസികമായി ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ജോണ്‍സന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
തിരയില്‍പ്പെട്ട് കാണാതായ ചെറിയതുറ സ്വദേശി ജോണ്‍സന്റെ മൃതദേഹം കഴിഞ്ഞ ദിവസം വലിയതുറ തീരത്തു നിന്നുമാണ് കണ്ടെത്തിയത്. ഈ മാസം 21-നാണ് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ജോണ്‍സനെ കാണാതായത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട ജോണ്‍സണ്‍ രക്ഷിക്കാന്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും പിന്നീട് ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന് ബോധം നഷ്ടമായി. തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.
സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് എത്തിയതെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശംഖുമുഖം തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തുടര്‍ച്ചയായി അപകടം നടക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Post Your Comments