തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുന്നതിനിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടന്ന് രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ കൂടി സര്‍ക്കാര്‍ വാങ്ങി. ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍ കാര്‍ വാങ്ങിയത്. എന്നാല്‍ പുതിയ വണ്ടി ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്ന കാര്യം വ്യക്തമല്ല. 45 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഖജനാവില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 11ആണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ടു പുതിയ കാര്‍ വാങ്ങാനുള്ള അനുമതിക്കായി ധനകാര്യ വകുപ്പിനെ സമീപിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ധനകാര്യവകുപ്പ് ഈ ആവശ്യം തള്ളി.
പത്തു ലക്ഷത്തിനു മുകളില്‍ ഉള്ള ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ച മുന്‍പ് ക്യാബിനെറ്റിന്റെ പരിഗണനയില്‍ കൊണ്ട് വന്നു ആവശ്യം നേടിയെടുക്കുകയായിരുന്നു. ഈ മാസം 20 നാണ് 4491000 രൂപ അനുവദിച്ചത്.
ക്യാബിനറ്റ് അംഗീകരിച്ചിട്ടും ഉത്തരവ് ഇറക്കാന്‍ ധന വകുപ്പ് വിസമ്മതിച്ചപ്പോള്‍ ചില മന്ത്രിമാര്‍ ഇടപെട്ടതായും സൂചന ഉണ്ട്. മന്ത്രിമാര്‍ക്കും വിവിഐപിമാര്‍ക്കുമുള്ള വാഹനം ആണ് ടൂറിസം വകുപ്പ് വാങ്ങുന്നത്. പുതിയ കാറുകള്‍ ആര്‍ക്കാണെന്ന് വകുപ്പ് പറയുന്നില്ല. ഏതെങ്കിലും മന്ത്രിമാര്‍ വാഹനം മാറ്റുകയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ മന്ത്രിമാര്‍ കൂട്ടത്തോടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു.
Post Your Comments