ന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രയില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി വി മുരളീധരന്‍ നേരത്തെ ഇക്കാര്യം സംസാരിച്ചിരുന്നു.
ഇരുപത്തിരണ്ട് കിലോമീറ്റര്‍ യാത്രചെയ്ത് എത്താവുന്ന ബേസ് ക്യാമ്പായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. സ്ഥലത്തേക്ക് സബ് കളക്ടര്‍ എത്തിയിരുന്നു. സംഘത്തിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.
ഷൂട്ടിംഗ് സംഘം ഉള്‍പ്പെടെ 40 ഓളം പേരാണ് ഛത്രയില്‍ അകപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രയിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും സംഘം സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എ സമ്പത്ത് നേരത്തേ അറിയിച്ചിരുന്നു.
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സംഘം ഇവിടെ എത്തിയത്. ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്താണ് നടീനടന്മാരും സംവിധായകനും ഷൂട്ടിങ്ങ് സംഘവും കുടുങ്ങിയത്.
ALSO READ: കനത്ത മഴയും മണ്ണിടിച്ചിലും: മഞ്ജു വാര്യരുള്‍പ്പെടെയുള്ള സംഘം ഹിമാചലില്‍ കുടുങ്ങി
Post Your Comments