Latest NewsKerala

‘തിരക്ക് കഴിഞ്ഞ് ഇതുവഴി വരണം’ തിരുവനന്തപുരം മേയര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കുറിപ്പ്

വയനാട്: സംസ്ഥാനം പ്രളയക്കെടുതിയില്‍പ്പെട്ടപ്പോള്‍ ഏറ്റവും വലിയ ദുരന്തം നേരിട്ടത് വയനാടും മലപ്പുറത്തുമുള്ളവരാണ്. ദുരന്തബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയ തിരുവനന്തപുരം മേയര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അദ്ദേഹം ലോഡു കണക്കിന് സ്‌നേഹമാണ് വയനാട്ടിലേക്ക് കയറ്റി അയച്ചത്. അവശ്യസാധനങ്ങളടങ്ങുന്ന സ്‌നേഹവണ്ടികളാണ് ചുരം കയറിപ്പോയത്. മേയര്‍ വി. കെ പ്രശാന്തിന് നന്ദിയുമായി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ് രംഗത്തെത്തി. ചുരം കയറി വരുന്ന വാഹനങ്ങളെല്ലാം സ്‌നേഹത്തിന്റെ ആശ്വാസവണ്ടികളാണെന്നും വയനാടിനും മേപ്പാടിക്കും വേണ്ടി താന്‍ നന്ദി പറയുന്നുവെന്നും സഹദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ALSO READ: ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഹോദരങ്ങള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ്യപ്പെട്ട തിരുവനന്തപുരം മേയർക്ക്‌ വടക്കുനിന്ന് ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതുന്നത്‌.
———

പ്രിയ്യപ്പെട്ട മേയർ,
താങ്കൾക്കവിടെ തിരക്കുകളാണല്ലോ.ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ഞങ്ങൾക്ക്‌ സ്നേഹത്തിന്റെ ആശ്വാസവണ്ടികളാണു.അവിടെനിന്ന് വരുന്ന വാർത്തകൾ ഇടക്ക്‌ കാണുന്നുണ്ട്‌.
ഒരുമിച്ച്‌ നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ എന്ത്‌ ആഹ്ലാദമാണല്ലേ.

ALSO READ: ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍

വ്യാഴാഴ്ച മുതൽ ഞങ്ങൾക്ക്‌ ഉറക്കമില്ല.എം എൽ എ ശശിയേട്ടനും ഇവിടെയുള്ള എല്ലാവരും തണുപ്പിൽ നിന്ന് ഒന്ന് നിവർന്ന് നിന്നിട്ടില്ല ഇതുവരെ.കാണാതായവർ,എല്ലാം ഇല്ലാതായവർ,മരണത്തിന്റെ പെരുവെള്ളപ്പാച്ചിലിലേക്ക്‌ ഒഴുകിപ്പോയവർ,ഏത്‌ അവസ്ഥയിലൂടെയാണു തങ്ങൾ കടന്നുപോകുന്നത്‌ എന്നുപോലുമറിയാത്ത തോട്ടം തൊഴിലാളികൾ ആദിവാസികൾ കർഷകർ.തെരച്ചിൽ നടക്കുമ്പോൾ
എന്റെ ഏട്ടൻ അവിടുണ്ടെടാ എന്റെ ഭാര്യ അവിടുണ്ട്‌ എന്റെ കുഞ്ഞിനെ കണ്ടോ എന്നെല്ലാം ചോദിക്കുന്ന ഉറ്റവർ.ഇനിയുള്ള ഈ ജീവിതത്തെ എത്രയോ മാറ്റിമറിച്ചിരിക്കുന്നു തീവ്രമായ ഈ അനുഭവങ്ങൾ.
പ്രസ്ഥാനത്തിന്റെ കരുത്തിലും അത്‌ നൽകിയ ആത്മ ധൈര്യത്തിലും മാത്രമാണു മുന്നോട്ട്‌ പോവുന്നത്‌.
കരയാൻ വയ്യ,ഒട്ടേറെപ്പേർക്ക്‌ കരുത്തുപകരേണ്ടതുണ്ട്‌.
സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ വാർഡ്‌ മെമ്പർ ചന്ദ്രേട്ടൻ മുതൽ വിവിധ രാഷ്ട്രീയ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവർത്തകർ മുതൽ പേരുകൾ പറഞ്ഞുതുടങ്ങുകയാണെങ്കിൽ അവസാനിക്കില്ല.സഖാക്കളും സുഹൃത്തുക്കളും ഈ ജനതയും
എല്ലാം ഒപ്പമുണ്ട്‌.ആദ്യം ഇവിടെയെത്തുമ്പോൾ കണ്ട ആ അവസ്ഥയിൽ നിന്ന് എല്ലാം മാറിയിരിക്കുന്നു.
വേദനകൾക്കിടയിലും എല്ലാം മറന്ന് ഇവിടെ പൊരുതുവാൻ ശീലിക്കുകയാണു ഞങ്ങൾ.സഹായങ്ങൾ എത്തുന്നുണ്ട്‌.ഒരു പരിചയം പോലുമില്ലാത്തവർ വിളിക്കുന്നുണ്ട്‌.ഇടക്ക്‌ വാക്കുകളില്ലാതെ നന്ദി പോലും പറയാനാവാതെ ഫോൺ വെക്കുകയാണു ചെയ്യാറു.പുത്തുമലയുടെ താഴ്‌വാരത്തെ ആ ജീവിതങ്ങൾ ജീവിതത്തെ,ഭാവിയെ ആശങ്കയോടെ നോക്കുകയാണു.എത്രയെത്രപേരെ നമ്മൾ കൈപിടിച്ചുകൊണ്ടുവരണമെന്നോ.

ALSO READ: യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി

ഒപ്പം നിൽക്കുന്നവരാണു കരുത്ത്.

ഉറ്റവരെ കാണാതായിട്ട്‌ ദിവസങ്ങളായെങ്കിലും രക്ഷാപ്രവർത്തനത്തിൽ അന്നുമുതൽ പങ്കെടുക്കുന്ന
ഗൗരിങ്കൻ,മുഹമ്മദ്‌ കുട്ടി എന്നിവർ മുതൽ പേരുപോലുമറിയാത്തവർ ഇവിടെയുണ്ട്‌.എവിടെനിന്നൊക്കെയോ വന്നിരിക്കുകയാണു അവർ.വാടകക്ക്‌ താമസിക്കുന്ന ബത്തേരിയിൽ ഉള്ള സുജിത്‌ എന്നൊരാൾ ഇന്നലെ മേപ്പാടി ക്യാമ്പിലെത്തിയിരുന്നു സ്വന്തമായി ബത്തേരിയിലുള്ള ആറുസെന്റ്‌ ഭൂമി പുനരധിവാസത്തിനു വിട്ടുനൽകാൻ അനുമതി നൽകണമെന്ന് പറഞ്ഞ്‌ അവിടെ കാത്തുനിൽക്കുകയായിരുന്നു.അങ്ങനെ ചെറുതും വലുതുമായ സഹായങ്ങളുമായെത്തും ഒട്ടേറെ വലിയ മനുഷ്യർക്കിടയിലാണിപ്പോൾ.ഫയർ ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ഫോറസ്റ്റുകാരുമെല്ലാം അവരുടെ കഥകൾ പറയുന്നത്‌ കേൾക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച്‌ സ്നേഹത്തിന്റെ പ്രതീക്ഷയുടെ ഈ ദിവസങ്ങളെക്കുറിച്ച്‌ എന്തുപറയണമെന്ന് പോലും എനിക്കറിയില്ല.മേഖലയിലേക്ക്‌ ദുരന്തമറിഞ്ഞെത്തിയ ആ രാത്രി വഴികളെല്ലാം ഇടിഞ്ഞുപോയിട്ടും കിലോമീറ്ററുകൾ വനത്തിലൂടെ നടന്നാണു
സൗത്ത്‌ വയനാട്‌ ഡി എഫ്‌ ഒ യും സോഷ്യൽ ഫോറസ്ട്രി ഡി എഫ്‌ ഒ യും മണി അടക്കമുള്ള വാച്ചർ മാരും മറ്റുള്ളവരും ഇവിടെത്തിയത്‌.അങ്ങനെ എത്ര പേർ.എത്രയോ അനുഭവങ്ങളിലൂടെയാണു ഈ നാട്ടുകാർ കടന്നുപോവുന്നത്‌.
വിടപറഞ്ഞവരുടെ വേദന ഇവിടെല്ലാം തിങ്ങിനിൽക്കുകയാണു.
നമ്മുക്ക്‌ തിരിച്ചുവരണം.

ALSO READ: കണ്ണൂര്‍ കോര്‍പ്പറേഷന്‍: സിപിഎമ്മിന് മേയര്‍ സ്ഥാനം നഷ്ടമായി

മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ടായിരുന്നു.
വ്യക്തിപരമായി തിരിച്ചറിഞ്ഞ മനുഷ്യനന്മകളുടെ ഉദാഹരണങ്ങളിൽ പലതും ഉദ്യോഗസ്ഥരിൽ നിന്നുമായിരുന്നു.
എത്രയോ പേർ.

ശശിയേട്ടൻ എം എൽ എ
പ്രിയ്യപ്പെട്ട സഖാവ്‌.,ആ രാത്രി പുത്തുമലയിലേക്ക്‌ കിലോമീറ്ററുകൾ കാടും മലയും കയറി എത്തിയതുമുതൽ ഞങ്ങൾക്കിടയിൽ കാണുകയാണു അദ്ദേഹത്തെ.ഭക്ഷണം പോലും കഴിക്കാൻ പലപ്പോഴും സാധിച്ചിട്ടില്ല അദ്ദേഹത്തിനു.
എന്തു പറഞ്ഞാലും വൈകാരികമായിപ്പോവും.

ചന്ദ്രേട്ടൻ,പുത്തുമലയിലെ വാർഡ്‌ മെമ്പറാണു.അദ്ദേഹത്തിന്റെ ഇടപെടലുകൾ ഇല്ലെങ്കിൽ,ആലോചിക്കാൻ വയ്യ.ആളുകളെ അന്ന് രാവിലെ മുതൽ മാറ്റിപ്പാർപ്പിക്കാൻ ഓടിനടന്നതുമുതൽ ഇന്ന് വരെ ചന്ദ്രേട്ടൻ ഒന്നിരുന്നിട്ടില്ല.

സബ്‌ കളക്ടർ ഉമേഷ്‌ സർ.എന്തുപറയണമെന്നറിയില്ല.
ഈ നാടിന്റെ ഹൃദയത്തിൽ നിങ്ങൾ എപ്പോഴുമുണ്ടാവും.
എല്ലാം ഏകോപിപ്പിച്ച്‌ കളക്ടർ അജയകുമാർ സർ.

വീടുകൾ വാഗ്ദാനം ചെയ്ത വ്യക്തികൾ സംഘടനകൾ ഇനിയുമെഴുതാനുണ്ട്‌.വഴിയേ പറയാം എല്ലാം.പണികൾ ബാക്കികിടക്കുകയാണു.

മേയർ,നിങ്ങളെ വിളിച്ച്‌ പറയാൻ വെച്ചിരുന്ന നന്ദിയെല്ലാം ഇവിടെ പറയുകയാണു.ഇവിടേക്ക്‌ സഹായങ്ങളെത്തിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുക.എല്ലാ ജില്ലകളിൽ നിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഞങ്ങൾക്ക്‌ ആശ്വാസങ്ങളെത്തുന്നുണ്ട്‌.

മുഖ്യമന്ത്രി ഇവിടെയെത്തി നൽകിയ ആ വാക്കുകളിൽ
ആശ്വാസത്തിന്റെ സാന്ത്വനത്തിന്റെ കരുതലിൽ ഞങ്ങൾ പ്രതീക്ഷകളും സ്വപ്നങ്ങളും പകരുന്ന ആത്മവിശ്വാസത്തിൽ മുന്നോട്ട്‌ പോവുകയാണു.

ALSO READ: അഞ്ച് ദിവസം കൊണ്ട് 80 ലോഡ് സ്‌നേഹം: മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

ആദ്യ ദിവസങ്ങളിൽ അൽപം ആശങ്കകളുണ്ടായിരുന്നു.
സഹായങ്ങൾ എത്തുന്നത്‌ സംബന്ധിച്ചായിരുന്നു.ചുരങ്ങളിൽ ഇടക്കിടെയുള്ള തടസ്സങ്ങൾ അത്‌ വർദ്ധിപ്പിച്ചു.ഇപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്‌. പ്രിയ്യപ്പെട്ട വളരെ പ്രിയ്യപ്പെട്ട മേയർ ബ്രോ. അവിടുള്ള എന്റെ പ്രിയ്യപ്പെട്ടവരേ, നന്ദിപറയുന്നതിനെല്ലാം ഇക്കാലത്ത്‌ എന്ത്‌ പ്രാധാന്യമാണുള്ളതെന്ന് അറിയില്ല.ആരോടെല്ലാം പറയേണ്ടി വരും.

എല്ലാ മനുഷ്യരോടും സ്നേഹം തോനുന്നു.
അത്രയേ പറയാനാകുന്നുള്ളൂ.

നിങ്ങളെല്ലാം ഒരിക്കൽ വരൂ,
ഈ നാടിനെ എല്ലാവരുടെയും
സഹായത്തോടെ നമ്മുക്ക്‌ വീണ്ടെടുക്കേണ്ടതുണ്ട്‌.
കൂടുതൽ മനോഹരമായ പുത്തുമലയിലേക്ക്‌.
കൂടുതൽ മനോഹരമായ മേപ്പാടിയിലേക്ക്‌
ഒരിക്കൽ നിങ്ങൾ വരൂ.

ആവോളം സ്നേഹത്തിന്റെ മലനിരകൾ നിങ്ങളെ കാത്തിരിക്കും.

വയനാടിനുവേണ്ടി.
മേപ്പാടിക്കുവേണ്ടി,

നന്ദി,
അളവറ്റ സ്നേഹം.
പരസ്പരം മനസ്സിലാകുന്ന സ്നേഹത്തിന്റെ ഭാഷ കൂടുതൽ പ്രകാശിക്കട്ടെ.
മനുഷ്യർ അതെ എത്ര സുന്ദരമായ പദം.

കെ കെ സഹദ്‌.
പ്രസിഡന്റ്‌
മേപ്പാടി ഗ്രാമപഞ്ചായത്ത്‌.
വയനാട്‌.

ALSO READ: പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇവരുടെ മുന്‍പില്‍ കാശിക്ക് പോവും; വിമർശനവുമായി വിടി ബൽറാം

https://www.facebook.com/permalink.php?story_fbid=1097386390472063&id=100006021365939

shortlink

Related Articles

Post Your Comments

Related Articles


Back to top button