Latest NewsKeralaNews

അഞ്ച് ദിവസം കൊണ്ട് 80 ലോഡ് സ്‌നേഹം: മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം•ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള അവശ്യവസ്തുക്കൾ. എല്ലാം സ്‌നേഹത്തിൽ പൊതിഞ്ഞത്. അഞ്ച്് ദിവസംകൊണ്ട് അങ്ങനെ നിറഞ്ഞുകവിഞ്ഞത് 80 ലോഡ് സ്‌നേഹം. ആ സ്‌നേഹത്തിന് തിരുവനന്തപുരത്തിന്റെ മധുരമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പഞ്ചായത്തുകളും ബ്‌ളോക്ക് പഞ്ചായത്തുകളും കൈകോർത്തപ്പോഴാണ് ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ ജില്ലാ പഞ്ചായത്ത് മുറ്റത്ത് നിറഞ്ഞത്.

വെള്ളിയാഴ്ചയോടെ ജില്ലാ പഞ്ചായത്തിലെ കളക്ഷൻ സെന്റർ അവസാനിപ്പിക്കാമെന്ന് കരുതിയെങ്കിലും വീണ്ടും സഹായം വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വി. കെ. മധു പറഞ്ഞു. ഉച്ചയോടെ അമ്പതാമത്തെ ലോഡ് ആലപ്പുഴ കൈനകരിയിലേക്ക് പോയശേഷവും 30 ലോഡ് സാധനങ്ങൾ അവശേഷിക്കുകയായിരുന്നു. തുടർന്ന് രാത്രിയിലും ലോറികളിൽ സാധനങ്ങൾ നിറച്ചു. പഞ്ചായത്തുകളിൽ നിന്നും മറ്റു ഇനി വരുന്ന സാധനങ്ങൾ എസ്. എം. വി സ്‌കൂളിൽ ശേഖരിച്ച് അവിടെ നിന്ന് അയയ്ക്കാനാണ് തീരുമാനം.

ALSO READ: പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇവരുടെ മുന്‍പില്‍ കാശിക്ക് പോവും; വിമർശനവുമായി വിടി ബൽറാം

ആഗസ്റ്റ് 12ന് ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ലയിലെ പഞ്ചായത്തുകളിലെയും ബ്േളാക്ക് പഞ്ചായത്തുകളിലെയും പ്രതിനിധികളെ ജില്ലാ പഞ്ചായത്തിൽ വച്ച് നേരിൽ കണ്ട് സഹായം ഒരുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നുവെന്ന് വി. കെ. മധു പറഞ്ഞു. 13 മുതൽ ജില്ലാ പഞ്ചായത്തിലേക്ക് സഹായത്തിന്റെ കുത്തൊഴുക്കായിരുന്നു. ആദ്യ ദിനങ്ങളിൽ ദുരന്തം ഏറ്റവുമധികം ബാധിച്ച വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കായിരുന്നു ലോറികൾ സാധനങ്ങളുമായി പോയത്. പായ, അരി, പയർവർഗങ്ങൾ, ബിസ്‌കറ്റ്, സോപ്പ്, ബക്കറ്റ്, മഗ് തുടങ്ങി എല്ലാ വസ്തുക്കളും കളക്ഷൻ കേന്ദ്രത്തിലെത്തി.

72 ഗ്രാമപഞ്ചായത്തുകളും 11 ബ്‌ളോക്ക് പഞ്ചായത്തുകളും സഹകരിച്ചു. പ്രാദേശികതലത്തിൽ 83 കളക്ഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീ, വ്യാപാരികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സാധനങ്ങൾ കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കു പുറമെ കുടുംബശ്രീ പ്രവർത്തകർ, ജില്ലാ പഞ്ചായത്തിലെ ജീവനക്കാർ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ എന്നിവരെല്ലാം സാധനങ്ങൾ തരംതിരിക്കാനും അടുക്കാനും ലോറികളിൽ കയറ്റാനുമെത്തി. ഒരു സമയം 500 വോളണ്ടിയർമാർ വരെ കേന്ദ്രത്തിൽ പ്രവർത്തിച്ചു. 13 മുതൽ കളക്ഷൻ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിച്ചു. ഓരോ ജില്ലയിലേക്കും ആവശ്യമുള്ള വസ്തുക്കളെന്തെന്ന് മനസിലാക്കിയാണ് ലോഡുകൾ അയച്ചത്. ജില്ലാ ഭരണകൂടത്തിനാണ് ഇവ കൈമാറിയത്.

ആദ്യ ദിവസങ്ങളിൽ കുടിവെള്ളം, തുണി തുടങ്ങിയ സാധനങ്ങളാണ് കൂടുതൽ കയറ്റിവിട്ടത്. പിന്നീട് അരി, മറ്റു ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റ, നാപ്കിൻ, വൃത്തിയാക്കുന്നതിനുള്ള വസ്തുക്കൾ തുടങ്ങിയവ കൂടുതലായി അയച്ചു. ആദ്യ ദിവസം രണ്ട് ലോഡ് വെള്ളം മാത്രം പോയതായി വി. കെ. മധു പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് ശേഖരിച്ച 20 ലക്ഷം രൂപയുടെ മരുന്നുകളും കയറ്റിവിട്ടിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് സമാഹരിച്ചു നൽകിയത്. ജില്ലകളിലെ ക്യാമ്പുകളിൽ നിന്നുള്ള ആവശ്യം അനുസരിച്ച് എസ്. എം. വി സ്‌കൂളിൽ നിന്ന് സാധനങ്ങൾ കയറ്റി വിടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു ജനങ്ങളുടെ സഹകരണം. ഈ ദിവസങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button