KeralaLatest News

പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടപോയ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

തിരുവനന്തപുരം•പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ ഫാത്തിമ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ ഇടപെടലിലൂടെ ചികിത്സ ലഭ്യമായത്. ന്യൂമോണിയ ബാധിച്ച ഹര്‍ഷ ഫാത്തിമയ്ക്ക്, അതറിയാതെയും യാത്രാ സൗകര്യങ്ങള്‍ നിലച്ചതിനാലും യാതൊരു ചികിത്സയും നല്‍കാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. കുട്ടിയ്ക്ക് ബോധക്ഷയമുണ്ടെന്നറിഞ്ഞാണ് പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് സംഘത്തിലെ ശിശുരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ കുട്ടിയ്ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. തുടര്‍ ചികിത്സ ലഭ്യമാക്കാനായി പ്രത്യേക സംഘത്തിന്റെ ആംബുലന്‍സില്‍ കുട്ടിയെ അടുത്തുള്ള വിംസ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ഉരുള്‍ പൊട്ടലും വെള്ളപൊക്കവും ഉണ്ടായതിനാല്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളും വൈദ്യ സേവനവും നല്‍കാനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രത്യേക മെഡിക്കല്‍ സംഘത്തെ വയനാട്ടില്‍ നിയോഗിച്ചത്. കഴിഞ്ഞ പ്രളയ സമയത്ത് ഈ സംഘം തൃശൂര്‍ ചാലക്കുടി മേഖലയില്‍ ദുര്‍ഘടമായ സാഹചര്യത്തില്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഇത്തവണ വയനാട്ടിലെ ഒറ്റപ്പെട്ട ആദിവാസി ഊരുകളിലെ നിരവധി പേര്‍ക്കാണ് സഹായകരമായത്.

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. രവീന്ദ്രന്‍ സി, സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.പി. സുമേഷ്, അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രന്ദീപ് എ.എം, ശിശുരോഗ വിഭാഗം ഡോക്ടര്‍ യു.ആര്‍. രാഹുല്‍ എന്നിവരും തൃശൂര്‍ എലിഫന്റ് സ്വാഡ് പ്രവര്‍ത്തകരും സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാരും ഉള്‍പ്പെടെ 12 പേരാണ് പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button