ആഗ്ര•യുവ കമിതാക്കളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹത്രാസിലെ നഗല ഭാവ് സിംഗ് ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇതേ ഗ്രാമത്തിലുള്ള ജോതി (21), ജുഗ്നു (23) എന്നിവരാണ് മരിച്ചത്. ജുഗ്നു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍, ഈ കടുംകൈ ചെയ്യേണ്ടി വന്നതില്‍ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. അന്ത്യാഭിലാഷമായി തങ്ങള്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ജാതവ് സമുദായത്തില്‍പ്പെട്ട ഇരുവരും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വെവ്വേറെ പങ്കാളികളെ വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള വിവാഹത്തെ ഇരുവരുടെയും ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്നായിരുന്നു വേറെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചത്. ജുഗ്നു ഈ വര്‍ഷം മേയിലും ജ്യോതി മഥുരയിലുള്ള ഒരാളുമായി ജൂണിലുമാണ് വിവാഹിതരായായത്.
രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ഒരാഴ്ച മുന്‍പാണ് ജ്യോതി മാതാപിതാക്കളുടെ ഗ്രാമത്തിലെത്തിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ ജ്യോതിയെയും യുവാവിനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാവിലെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ ഒരു മരത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി എസ്.പി സിദ്ധാര്‍ത്ഥ ശങ്കര്‍ മീണ പറഞ്ഞു. ഇതുവരെ പരാതിയൊന്നുമില്ല. സംശയകരമായി എന്തങ്കിലും കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments