തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കെഎം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപയും ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. കെഎം ബഷീറിന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നല്‍കിയിരുന്നു. അതനുസരിച്ച് ഭാര്യക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
ALSO READ: പ്രളയം; ദുരിതബാധിതര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചു
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് മേധാവി ആയിരുന്ന ബഷീര്‍ മരിച്ചത്. ശ്രീറാം മദ്യലഹരിയിലായിരുന്നു വണ്ടിയോടിച്ചതെന്നാണ് സാക്ഷി മൊഴികള്‍. അപകടം നടന്ന് ഒന്‍പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. ഇതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി.എ.ടി) ഹര്‍ജി നല്‍കാനൊരുങ്ങുകയാണ്. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ശ്രീറാമിന്റെ നീക്കം. നേരത്തേ കീഴ്ക്കോടതി ജാമ്യം അനുവദിച്ചതും ട്രിബ്യൂണലില്‍ ചൂണ്ടിക്കാട്ടും. തനിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. മനഃപൂര്‍വമല്ലാത്ത വാഹനാപകടമാണു സംഭവിച്ചത്. താന്‍ മദ്യപിച്ചിരുന്നെന്നു സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടത്താത്തതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല. അതിനാല്‍ സസ്പെന്‍ഷന്‍ അന്യായമായ നടപടിയാണെന്നും പ്രബേഷനുശേഷമുള്ള ആദ്യ നിയമനമാണു ചുമതലയേല്‍ക്കും മുമ്പ് സസ്പെന്‍ഷന്‍ വഴി തടഞ്ഞതെന്നും ശ്രീറാമിന്റെ ഹര്‍ജിയില്‍ പറയുന്നു.
ALSO READ: പ്രളയം; ദുരിതബാധിതര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചു
Post Your Comments