
തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടായിരുന്ന പ്രകൃതി രമണീയമായ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി ഭീതിപ്പെടുത്തുന്നതാണ്. പ്രളയവും വരള്‍ച്ചയും ഉരുള്‍പൊട്ടലും കൊടുങ്കാറ്റുകളും കടലാക്രമണവും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള പ്രദേശമെന്നാണു ദൈവത്തിന്റെ സ്വന്തം നാടിന്റെ പുതിയ വിലാസം. നിഞ്ഞുനല്‍കിയ മണ്ണും കാലാവസ്‌ഥയും തിരിച്ചെടുത്ത് പ്രകൃതി കേരളത്തെ അപകട മുനമ്പാക്കുകയാണെന്നു ദേശീയ ഭൗമശാസ്‌ത്ര ഗവേഷണ കേന്ദ്രം (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ- ജി.എസ്.ഐ) പറയുന്നു. മുൻപ് വല്ലപ്പോഴും വന്നിരുന്ന പ്രളയവും വരൾച്ചയുമെല്ലാം ഇപ്പോൾ പതിവായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തിനിടെ സംസ്‌ഥാനത്തു ചെറുതും വലുതുമായ 5000 ഉരുള്‍പൊട്ടലുണ്ടായെന്നാണു ജി.എസ്.ഐയുടെ റിപ്പോര്‍ട്ട്. സംസ്‌ഥാനത്തെ 21.3 ശതമാനം മേഖലയിലും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. അതില്‍ 5,607 ചതുരശ്ര കി.മീ. ഭൂപ്രദേശം ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കാനിടയുള്ളത്. ഉരുള്‍പൊട്ടലിന് ആക്കംകൂട്ടുന്ന സോയില്‍ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) കേരളത്തിന് ഇതുവരെ അന്യമായിരുന്നു. കഴിഞ്ഞ പ്രളയം കേരളത്തിനു പരിചയപ്പെടുത്തിയ ഈ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ ഒന്നോ രണ്ടോ ദിവസത്തെ മഴ പോലും വലിയ ഉരുള്‍പൊട്ടലിനു കാരണമായേക്കാം.
മണ്‍സൂണിന്റെ ഒന്നാം പാദത്തില്‍ മഴ കുറഞ്ഞത് ഒരു വന്‍ദുരന്തം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്‍സൂണ്‍ തിമിര്‍ത്തുപെയ്യേണ്ടിയിരുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇക്കൊല്ലം മഴ കുറവായിരുന്നു. ഭൂഗര്‍ഭ ജലനിരപ്പും കുത്തനെ താണു. അതുകൊണ്ടാണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദുരന്തങ്ങള്‍ കുറഞ്ഞത്.പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 14 താലൂക്കുകളാണ് സോയില്‍ പൈപ്പിങ് ഭീഷണിയുള്ള പ്രദേശങ്ങള്‍.കേരളം വന്‍ കടലാക്രമണ ഭീഷണിയുടെ വക്കിലാണെന്നും ജി.എസ്.ഐ. ചൂണ്ടിക്കാട്ടുന്നു.
കാലാവസ്‌ഥാ വ്യതിയാനം മൂലമുള്ള ആഗോള താപനില ഈ നിലയില്‍ വര്‍ധിച്ചാല്‍ ഈ നൂറ്റാണ്ട് പിന്നിടുംമുമ്പ് കുട്ടനാട്, മണ്‍റോതുരുത്ത് അടക്കമുള്ള തീരദേശ മേഖലകള്‍ കടലെടുക്കുമെന്നു മംഗളം റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ 590 കിലോമീറ്റര്‍ നീളമുള്ള കടലോര മേഖലയില്‍ 215.5 കിലോമീറ്റര്‍ മേഖലയിലും രൂക്ഷമായ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സംസ്‌ഥാനത്തെ 493 ഹെക്‌ടര്‍ ഭൂപ്രദേശം കടലെടുത്തതായും ജി.എസ്.ഐ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments