
തിരുവനന്തപുരം∙ ഉരുള്‍പൊട്ടലിന്റെയും മിന്നല്‍ പ്രളയത്തിന്റെയും കൊടിയ ദുരിതങ്ങളില്‍ നിന്നു കരകയറുന്ന സംസ്ഥാനത്തു 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കുന്നു.ഇതിനായി 3 ജില്ലകളിലെ 31 അപേക്ഷകളില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകാരപത്രം നല്‍കി. ജിയോളജി വകുപ്പിന്റെ 2016 ലെ കണക്കു പ്രകാരം സംസ്ഥാനത്തു 1385 പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതിന്റെ മൂന്നിരട്ടി അനധികൃതമായി പ്രവര്‍ത്തിക്കുന്നത് പരസ്യമായ രഹസ്യം.
മഹാപ്രളയത്തിനും മിന്നല്‍ പ്രളയത്തിനും ശേഷം 31 ക്വാറികള്‍ കൂടി തുറക്കുന്നതോടെ കേരളത്തിന്റെ പരിസ്ഥിതി കൂടുതല്‍ ആഘാതം നേരിടുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനാണു ക്വാറികള്‍ തുറക്കുന്നതെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്ഥാനത്തെ ക്വാറികളില്‍ നിന്നൊന്നും അദാനി ഗ്രൂപ്പ് ഇതിനായി കല്ലു വാങ്ങുന്നില്ല. പകരം കരാര്‍ വ്യവസ്ഥ ലംഘിച്ചു കമ്പനി തന്നെ നേരിട്ടു സര്‍ക്കാര്‍ പാറ ചുളുവിലയ്ക്കു പൊട്ടിച്ചെടുക്കുകയാണ്.റവന്യു വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണു ക്വാറികള്‍ തുറക്കാനുള്ള നീക്കം. പരിസ്ഥിതി ആഘാത പഠനമോ ചര്‍ച്ചയോ നടത്തിയിട്ടില്ല. ഭൂഗര്‍ഭ ജലവിതാനം പഠിച്ചിട്ടുമില്ല.
സര്‍ക്കാരിലെ ചില ഉന്നതരാണു ‘നിര്‍മാണ മേഖല സ്തംഭിച്ചു’ എന്ന ക്വാറി ഉടമകളുടെ വാദം ഏറ്റുപാടി ഒത്തുകളിക്കുന്നത്. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കളും ബെനാമികളായി രംഗത്തുണ്ട്.അദാനി തുറമുഖ കമ്പനിക്കു ചട്ടം ലംഘിച്ചു പെരുങ്കടവിളയില്‍ ഇതിനകം ഒരു ക്വാറി നല്‍കിയിട്ടുണ്ട്. ജെം ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള അടച്ചു പൂട്ടിയ ക്വാറിയില്‍ പാറ പൊട്ടിക്കാനാണു വീണ്ടും പെര്‍മിറ്റ് നല്‍കിയത്. 2017 ജനുവരിയില്‍ പാട്ടകാലാവധി അവസാനിച്ചെങ്കിലും പുതുക്കാന്‍ അപേക്ഷിച്ചിരുന്നില്ല. എന്നിട്ടും നീക്കം ചെയ്യുന്ന കല്ലിന്റെ അളവു പോലും നിശ്ചയിക്കാതെയാണ് പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയത്. ടണ്ണിന് 26 രൂപ മാത്രമാണു സര്‍ക്കാര്‍ ഈടാക്കുന്നത്.
Post Your Comments