ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്ന് നമ്മളില്‍ പലരും സ്വല്‍പ്പം അഹങ്കാരത്തോടെ തന്നെയാണ് പറയുന്നത്. മറ്റു രാഷ്ട്രങ്ങളില്‍ നിന്നു ഭിന്നമായി വിഭജനം, കൂട്ടപ്പലായനം, അതുണ്ടാക്കിയ മുറിവുകള്‍, വേദനകള്‍ എന്നിവയെല്ലാം അതിജീവിച്ചാണ് ഇന്ത്യ ഇന്നത്തെ ഇന്ത്യയായത്.
1946ല്‍ രണ്ടാം ലോകമഹായുദ്ധത്തോടെ ഉരുത്തിരിഞ്ഞു വന്ന പുതിയ ലോകക്രമത്തിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ സമ്മര്‍ദമാകുന്നത്. ലോകചരിത്രത്തില്‍ തന്നെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്വാതന്ത്ര്യം കൂടിയാരുന്നു നമ്മുടേത്. ആഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 120 കോടി ഭാരതീയരില്‍ ഭൂരിഭാഗം പേര്‍ക്കും 1947ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ ലോക മാധ്യമങ്ങള്‍ എങ്ങനെ നോക്കിക്കണ്ടു എന്നത് അറിയാന്‍ ആഗ്രഹമുണ്ടാകും.
ഇന്ത്യ രണ്ടു രാഷ്ട്രങ്ങളായി എന്നായിരുന്നു ഡെയ്ലി ടെലഗ്രാഫിന്റെ തലക്കെട്ട്. അധികാരക്കൈമാറ്റം അര്‍ധരാത്രി, പാകിസ്താന്‍ രാജാവിന്റെ സന്ദേശം തുടങ്ങിയവയായിരുന്നു ഉപശീര്‍ഷകങ്ങള്‍. ഇന്ത്യയ്ക്കാര്‍ ബ്രിട്ടനെ അനുമോദിക്കുന്നു എന്ന തലക്കെട്ടില്‍ മറ്റൊരു വിശദവാര്‍ത്തയുമുണ്ടായിരുന്നു.
ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായി മൗണ്ട് ബാറ്റണ്‍ പ്രഭു ചുമതലയേല്‍ക്കുന്നതായിരുന്നു ചിക്കാഗോ ട്രൈബ്യൂണിന്റെ ഹൈലൈറ്റ്. രണ്ട് രാഷ്ട്രങ്ങള്‍ക്ക് ഹിന്ദു ഇന്ത്യ, മുസ്്ലിം പാകിസ്താന്‍ എന്നാണ് പത്രം പേരു നല്‍കിയിരുന്നത്. പത്രത്തിന്റെ രണ്ടാം പേജ് പാകിസ്താനെ കുറിച്ചുള്ള സ്പെഷ്യല്‍ സ്റ്റോറിയായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട നീളന്‍ റിപ്പോര്‍ട്ടുമായാണ് മറ്റൊരു യു.എസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തിറങ്ങിയത്. നെഹ്റുവിന്റെ പ്രസംഗം, ചെങ്കോട്ടയിലെ ആഘോഷങ്ങള്‍, പഞ്ചാബിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യ അച്ചീവ് സൊവേണിറ്റി അമിഡ് സീന്‍സ് ഓഫ് വൈല്‍ഡ് റിജോയ്സിങ് എന്നായിരുന്നു തലക്കെട്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വലിയൊരു മാപ്പ് ഒന്നാം പേജിലെ ആദ്യ പകുതിയില്‍ തന്നെ അച്ചടിച്ചാണ് പ്രമുഖ അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ ചേരാന്‍ ഇതുവരെ തീരുമാനമെടുക്കാത്ത നാട്ടുരാജ്യങ്ങളുടെ പട്ടിക വ്യത്യസ്തമായി തന്നെ രേഖപ്പെടുത്തിയിരുന്നു. കശ്മീരും ഹൈദരാബാദും ചിത്രത്തില്‍ വേറിട്ടു കാണാം. രണ്ട് ഇന്ത്യന്‍ രാഷ്ട്രങ്ങള്‍ ലോക ചിത്രത്തിലേക്ക് എന്നായിരുന്നു തലക്കെട്ട്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ജനനം എന്നായിരുന്നു ദ ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്. നെഹ്റുവിന്റെ ചിത്രവും ഒന്നാമത്തെ മന്ത്രിസഭയെ കുറിച്ചുള്ള വിവരങ്ങളും പത്രത്തിന്റെ ഒന്നാം പേജിലുണ്ടായിരുന്നു.
പാകിസ്താനെ കുറിച്ചുള്ള വാര്‍ത്തകളും ആദ്യ പേജില്‍ ഇടംപിടിച്ചു. ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുന്നു എന്നായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്റെ തലക്കെട്ട്. ഏകദേശം ഒന്നാം പേജ് മുഴുവന്‍ സ്വാതന്ത്ര്യ വാര്‍ത്ത തന്നെയായിരുന്നു.
ഇന്ത്യ സ്വതന്ത്രം: ബ്രിട്ടീഷ് ഭരണം അവസാനിച്ചു എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ തലക്കെട്ട്. ആഘോഷത്തെ കുറിച്ചുള്ള വിശദവിവരണം മാത്രമായിരുന്നു ഒന്നാം പേജില്‍. ഗാന്ധിജിക്ക് ആദരമര്‍പ്പിച്ചുള്ള വാര്‍ത്തയും ചിത്രസഹിതം ഇടംപിടിച്ചു.
ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രമെന്ന നിലയില്‍ ഐര്‍ലന്‍ഡ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു എന്നായിരുന്നു ഐറിഷ് ടൈംസ് നല്‍കിയത്.
ബ്രിട്ടന്‍ നിയന്ത്രണം കൈമാറിയതില്‍ ഇന്ത്യ ആഘോഷിക്കുന്നു എന്ന തലക്കെട്ടില്‍ വിശദമായ റിപ്പോര്‍ട്ട് പത്രം നല്‍കിയിരുന്നു.
Post Your Comments