കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു.തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ചെമ്പഴന്തി ഗ്രാമക്കാരനായിരുന്ന ശ്രീനാരായണഗുരുവുമായി ഗാഢബന്ധമുണ്ടായിരുന്നു മൗലവിക്ക്. വീട്ടിലെ പതിവു സന്ദർശകനും അച്ഛന്റെ സുഹൃത്തുമായിരുന്നു നാരായണഗുരു.
മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918-ൽ അൽ ഇസ്‌ലാം. 1931-ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. അബ്ദുൽഖാദർ മൗലവി കേരളീയ മുസ്‌ലിം സമുദായത്തിലെ ഒരു സാമൂഹികപരിഷ്കർത്താവായി അറിയപ്പെടുന്നു. അറബി-മലയാള ലിപി പരിഷ്കരണത്തിന് അൽ ഇസ്‌ലാം മാസികവഴി ഇദ്ദേഹം വലിയ സേവനം നിർവഹിച്ചു. തിരുവിതാംകൂർ മുസ്‌ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Post Your Comments