Latest NewsIndia

മൂന്ന് മാസം ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ടുള്ള തർക്കം: തൊഴിലാളിയെ ഉടമ കൊലപ്പെടുത്തി

മാസം 15000 രൂപ വേതനത്തിനാണ് റോഷന്‍ ഗുരുഗ്രാമിലെ കടയില്‍ ജോലിക്ക് ചേര്‍ന്നത്.

ഗുരുഗ്രാം: മൂന്ന് മാസം ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ട തൊഴിലാളിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സംഭവത്തില്‍ 25 കാരനായ പച്ചക്കറി കടയുടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. രാജസ്ഥാനിലെ സികര്‍ സ്വദേശിയായ റോഷന്‍ കുമാര്‍ സ്വാമിയാണ് കൊല്ലപ്പെട്ടത്. തരുണ്‍ ഫൊഗട്ട് എന്ന പച്ചക്കറി ഉടമയ്ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. മാസം 15000 രൂപ വേതനത്തിനാണ് റോഷന്‍ ഗുരുഗ്രാമിലെ കടയില്‍ ജോലിക്ക് ചേര്‍ന്നത്.

റോഷന്റെ ഭാര്യ സികറില്‍ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. മൂന്ന് മാസം മുന്‍പ് ഫൊഗട്ട് ഈ കട വാങ്ങിയിരുന്നു. മുന്‍ ഉടമ മൂന്ന് മാസത്തെ വേതനം നല്‍കാനുണ്ടായിരുന്നു. റോഷന് ഈ തുക നല്‍കാതെയാണ് ഇയാള്‍ കട വിറ്റത്. എന്നാല്‍ കട വാങ്ങിയ ഫൊഗട്ട്, റോഷനെ പിരിച്ചുവിട്ടില്ല. മൂന്ന് മാസത്തെ വേതനം റോഷന് കിട്ടിയതുമില്ല. ജോലിക്ക് ചേര്‍ന്നപ്പോള്‍ ഈ പണം റോഷന്‍ ഫൊഗട്ടിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നല്‍കാമെന്ന് ഫൊഗട്ട് സമ്മതിച്ചിരുന്നുവെന്നുമാണ് റോഷന്റെ കുടുംബം പറയുന്നത്.

റോഷന്റെ മൃതദേഹത്തില്‍ 12 ഓളം മുറിവുകളുണ്ടായിരുന്നു. എന്നാലും കഴുത്തറുത്തതാണ് മരണകാരണം. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് പൊലീസിനെ വിളിച്ചത്. വാതിലില്‍ കുറേ തവണ മുട്ടിയിട്ടും തുറക്കുന്നില്ലെന്നും ലൈറ്റും ഫാനും ഓണായി കിടക്കുകയാണെന്നും പറഞ്ഞാണ് ഉടമ പൊലീസിനെ വിളിച്ചത്.

തുടര്‍ന്ന് പൊലീസെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ റോഷന്‍ കുമാര്‍ സ്വാമിയെ കസേരയില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇയാളുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.കുടുംബാംഗങ്ങളെത്തി മൃതദേഹം ഏറ്റുവാങ്ങി. അച്ഛന്റെ മരണത്തെ തുടര്‍ന്ന് കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായപ്പോഴാണ് റോഷന്‍ ഗുരുഗ്രാമിലെത്തിയത്. പത്ത് മാസം മുന്‍പ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനും മരിച്ചിരുന്നു. റോഷന്റെ സഹോദരന്‍ മനോജ് കുമാര്‍ സികറില്‍ ഒരു കോണ്‍ട്രാക്ടര്‍ക്ക് ഒപ്പമാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button