ബെംഗളൂരു: പ്രളയബാധിത പ്രദേശങ്ങളില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയദുരന്തം നേരിട്ട ബെളഗാവി, ബാഗല്‍കോട്ട് ജില്ലകളിലായിരുന്നു മുഖ്യമന്ത്രി. വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ മുഖ്യമന്ത്രി, ദുരിതാശ്വാസ ക്യാമ്പുകകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അന്തേവാസികളോട് നേരിട്ട് സംസാരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നൽകി.
ദുരിതമേഖലകളില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോമണിക്കൂറിലും ഇവിടെ നിന്നുള്ള വിവരങ്ങളും മുഖ്യമന്ത്രി ശേഖരിക്കുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രളയബാധിത ജില്ലകളില ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നൽകി.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിയോഗിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനപ്രതിനിധികളുടെ നാലംഗ സംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ബെളഗാവി സംഘത്തെ കേന്ദ്രസഹമന്ത്രി സുരേഷ് അംഗദിയും ധാര്‍വാഡ് സംഘത്തെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും, മലനാട് സംഘത്തെ ഈശ്വരപ്പ എംഎല്‍എയും തീരദേശ സംഘത്തെ ശോഭ കരന്തലജെ എംപിയും നയിക്കും.
Post Your Comments