കർണാടക പൊലീസിന്റെ ദീപാവലി ആഘോഷത്തിനു പകിട്ടേകാൻ എണ്ണൂറോളം പുത്തൻ ബൈക്കുകൾ സേനയ്ക്കു സ്വന്തമായി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ 751 ഗ്ലാമർ ബി എസ് ആറ് ബൈക്കുകളാണു കഴിഞ്ഞ ദിവസം കർണാടക പൊലീസ് ഏറ്റു വാങ്ങിയത്. ഹീറോ മോട്ടോ കോർപിന്റെ ഗ്ലാമർ ബൈക്കുകൾ സ്വന്തമാക്കിയ ശേഷം ബെംഗളൂരുവിലെ വിധാൻ സൗധയിൽ നിന്ന് ആരംഭിച്ച റാലി കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണു ഫ്ളാഗ് ഓഫ് ചെയ്തത്.
അപാച്ചെ ആർ ടി ആർ 160 മോട്ടോർ സൈക്കിളുകളുടെ താക്കോൽദാന ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈയും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്തും മുഖ്യാതിഥികളായിരുന്നു. ഇതിനു പുറമെ ടി വി എസ് മോട്ടോർ കമ്പനി നിർമിച്ച 25 അപാച്ചെ ആർ ടി ആർ 160 ബൈക്കുകൾ ബെംഗളൂരു പൊലീസിനും ലഭിച്ചു. ഏതാനും ആഴ്ച മുമ്പാണു ഹീറോ മോട്ടോ കോർപ് 125 സി സി എൻജിനുള്ള ‘ഗ്ലാമറി’ന്റെ ബി എസ് ആറ് വകഭേദം വിപണിയിൽ അവതരിപ്പിച്ചത്.
ഹീറോയുടെ സ്വന്തം ആവിഷ്കാരമായ ഐഡ്ൽ സ്റ്റാർട് — സ്റ്റോപ് സിസ്റ്റം(അഥവാ ഐ ത്രീ എസ്) അടക്കമുള്ള സവിശേഷതകളുമായാണു ബൈക്കിന്റെ വരവ്. ‘എക്സ് സെൻസ്’ പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള 125 സി സി ഫോർ സ്ട്രോക്ക് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 7,500 ആർ പി എമ്മിൽ 10.73 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 10.6 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്ക് സഹിതമെത്തുന്ന ബൈക്കിന്റെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് ഗീയർബോക്സാണ്.
അതേസമയം ഗ്ലൈഡ് ത്രൂ ടെക്നോളജി (ജി ടി ടി)യുടെ പിൻബലമുള്ള ‘അപാച്ചെ ആർ ടി ആർ 160’ ബൈക്കുകളാണു സംസ്ഥാന തലസ്ഥാനത്തെ ക്രമസമാധാനപാലന ചുമതലയുള്ള ബെംഗളൂരു പൊലീസിനു സ്വന്തമായത്. ബൈക്കിലെ 159.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് 8,400 ആർ പി എമ്മിൽ 15.1 പി എസ് വരെ കരുത്തും 7,000 ആർ പി എമ്മിൽ 13.9 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. റേസ് ട്രാക്കുകളിൽ നിന്നു പ്രചോദിതമായ റേസ് ത്രോട്ടിൽ റസ്പോൺസ്(ആർ ടി ആർ) എൻജിനു കൂട്ട് അഞ്ചു സ്പീഡ് ഗീയർബോക്സാണ്.
Post Your Comments