തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അവധി ഒഴിവാക്കി ജോലിക്കെത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. നാളെയും മറ്റന്നാളും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നാണ് മന്ത്രി ടി പി രാമകൃഷ്ണന് സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നും ജീവനക്കാര്‍ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിരിക്കുന്ന വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴക്കെടുതിയില്‍ ഇന്ന് 21 പേരാണ് മരിച്ചത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നൂറേക്കറിലധികം കൃഷി സ്ഥലം ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവിടുത്തെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചനകള്‍.
ഉരുള്‍പൊട്ടി വന്‍ ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലേക്ക് അടിയന്തരമായി എത്തിച്ചേരാന്‍ എന്‍ഡിആര്‍എഫ് സംഘത്തിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദ്ദേശം നല്കി. ഉരുള്‍പ്പൊട്ടലുണ്ടായി കവളപ്പാറയിലെ ഒരു പ്രദേശമാകെ ഒലിച്ചുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രദേശത്ത് ഏഴുപതോളം വീടുകളുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ മുപ്പതിലധികം വീടുകള്‍ മണ്ണിനടിയില്‍ ആയ അവസ്ഥയാണ്. അമ്പതോളം പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. നാല് ദിവസമായി പ്രദേശത്ത് മഴ തുടരുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. എന്നാല്‍ ഈ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്.
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments