പത്തനംതിട്ട: ആനത്തോട്, കക്കി അണക്കെട്ടുകള്‍ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂറ് വ്യക്തമാക്കി. കക്കിയില്‍ സംഭരണ ശേഷിയുടെ 29 ശതമാനം മാത്രമാണുള്ളത്. പമ്പ അണക്കെട്ടില്‍ 49 ശതമാനം വെള്ളമാണ് ഇതുവരെ എത്തിയിട്ടുള്ളത്. അണക്കെട്ടുകളില്‍ അനുവദനീയമായ ജലപരിധി എത്താത്ത സാഹചര്യത്തില്‍ ഡാം തുറക്കുമെന്ന ആശങ്ക വേണ്ടെന്ന് കളക്ടര്‍ അറിയിച്ചു. കനത്ത മഴ രണ്ടോ മൂന്നോ ദിവസവും കൂടി ഇതുപോലെ തുടര്‍ന്നാല്‍ മാത്രമേ കക്കി ആനത്തോട് ഡാമുകള്‍ തുറക്കേണ്ടുന്ന സാഹചര്യം വരികയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മണിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അഞ്ച് സ്പില്‍ വേ ഷട്ടറുകളും ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ടെന്നും നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: കക്കയത്ത് ഉരുള്‍പൊട്ടല്‍: പവര്‍ഹൗസില്‍ വെള്ളം കയറി,വൈദ്യുതോത്പാദനം നിര്‍ത്തി
ജില്ലയില്‍ 7 ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ടെന്നും 204 പേര്‍ നിലവില്‍ ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments