മലപ്പുറം : മലപ്പുറം കവളപ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. പാലക്കാടു നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് 30 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെ മുതല്‍ പ്രദേശവാസികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാത്തത് കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. കാണാതായവരെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും നാട്ടുകാര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, ഇവര്‍ ആരും തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടില്ല എന്ന് മനസിലാക്കിയതോടെയാണ് അന്‍പതോളം ആളുകള്‍ അപകടത്തില്‍പെട്ടതായി മനസിലാക്കിയത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിലവില്‍ മലപ്പുറത്തെ സന്നദ്ധ സംഘടനയായ ട്രോമാ കെയര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. റോഡ്മാര്‍ഗം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍.
Post Your Comments