![](/wp-content/uploads/2023/07/amit.jpg)
മാനന്തവാടി: പള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ് മുരിക്കുംകാടന്‍ മുഹമ്മദ് ഇന്‍ഷാം (20) എന്നിവരാണ് അറസ്റ്റിലായത്.
പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുൽ കരീമും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും മത സ്പർദയുണ്ടാക്കാന്‍ ശ്രമിച്ചതിനുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മൂവര്‍ സംഘം മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കൈയാങ്കളിക്കുമിടയില് ഗ്രോട്ടോ തകര്‍ത്തതായാണ് പൊലീസിന് മൊഴി നല്‍കിയത്.
ഇവര്‍ മദ്യശാലയിൽ ഒരുമിച്ചിരിക്കുന്നതും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റേയും മറ്റും സി.സി.ടി.വി ദൃശ്യമടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയത്.
മാനന്തവാടി എസ്.ഐ സോബിന്‍, അഡി. എസ്.ഐ ജോസ്, അസി. എസ്.ഐ സജി, എസ്.സി.പി.ഓ ജിതേഷ്, സി.പി.ഓമാരായ ലതീഷ്, ദീപു, അനൂപ്, കൃഷ്ണ പ്രസാദ്, മാത്തപ്പന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments