സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും കനത്തമഴ. വടക്കന്‍ ജില്ലകളില്‍ മഴ രൗദ്രഭാവം പൂണ്ടതോടെ പ്രളയകാലത്തിന്റെ ഭീതിയില്‍ ജനം. മധ്യകേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും മഴ കനത്തു. കെടുതികളില്‍ പിഞ്ചുകുഞ്ഞടക്കം പത്തു മരണം. 12 പേര്‍ക്ക് ഗുരുതരപരുക്ക്. അതിശക്തമായ മഴ തുടരുന്ന ജില്ലയിലെ വടകര വിലങ്ങാട് ഉരുള്‍പൊട്ടി നാലു പേരെ കാണാതായി.രാത്രിയോടെയാണ് ഇവിടെ ഉരുള്‍പൊട്ടിയത്. മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. മലയോരമേഖലകളിലെല്ലാം ഉരുള്‍പൊട്ടലും വ്യാപകനാശവും.
മഴവിതച്ച നാശത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ മഴ താണ്ഡവമാടി. ഇടുക്കിയിലും കനത്ത മഴയാണ്. അണക്കെട്ടുകളില്‍ ജലം കുതിച്ചുയര്‍ന്നു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി. വയനാട്ടിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട്- ബംഗളൂരു ദേശീയപാതയടക്കം വെളളത്തില്‍ മുങ്ങി വയനാട് ഒറ്റപ്പെട്ടു. മേപ്പാടി, കുറിച്യര്‍മല, മുട്ടില്‍, കുറുമ്പാലക്കോട്ട, മേപ്പാടി, കാപ്പിക്കളം തുടങ്ങി മലയോര മേഖലകളില്‍ വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.
തുടര്‍ച്ചയായ തീവ്രമഴയില്‍ മൂന്നാറും, നിലമ്പൂരും ഒറ്റപ്പെട്ട അവസ്‌ഥയിലാണ്. 156 ദുരിതാശ്വാസ ക്യാമ്പുകളിലായി 2834 കുടുംബങ്ങളില്‍ നിന്നുള്ള 9475 പേരെ പ്രവേശിപ്പിച്ചു. 38 വീടുകള്‍ പൂര്‍ണമായും, 1009 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണിയാര്‍ ഡാം, കുണ്ടള ഡാം, മലങ്കര ഡാം, പെരിങ്ങല്‍ക്കുത്ത് ഡാം, മംഗലം ഡാം, കാഞ്ഞിരംപുഴ ഡാം എന്നിവ തുറന്നു. കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള ഡാമുകള്‍ തുറന്നിട്ടില്ല. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍നിന്നാണ് സൈന്യം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്.
മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിട്ടി യോഗം വിളിച്ചുചേര്‍ത്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സേവനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. പ്രളയമുണ്ടായാല്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് നേരത്തേ ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ക്കും നദികളിലെ കുളി, വിനോദ സഞ്ചാരം എന്നിവയ്‌ക്കും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments