കൊച്ചി: 2018ലെ പ്രളയ ദുരിതാശ്വാസസഹായം വിതരണം ചെയ്യുന്നതില്‍ കോഴിക്കോട് താലൂക്കില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഒരേ ആള്‍ക്ക് തന്നെ ഒന്നിലധികം തവണ പണം നല്‍കിയതിലൂടെ 53 ലക്ഷം രൂപ നഷ്ടമായി. ഒട്ടേറെപ്പേര്‍ക്ക് ഇനിയും സഹായം കിട്ടാതിരിക്കെ ഒന്നേകാല്‍ കോടിയോളം രൂപ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ടെന്നും സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 22366 പേര്‍ക്കാണ് കോഴിക്കോട് താലൂക്കില്‍ പതിനായിരം രൂപം വീതം അടിയന്തര സഹായമായി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 6200 രൂപയും ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 3800 രൂപയും. എന്നാല്‍ 1100 ഒാളം പേര്‍ക്ക് ഒന്നിലധികം തവണ തുക അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു. ഈ വകയില്‍ 53 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഈ തുക എത്രയും വേഗം തിരിച്ചുപിടിക്കണമെന്നാണ് ശുപാര്‍ശ. ഇതിന് പുറമെ ആയിരത്തി മുന്നൂറോളം പേര്‍ക്ക് വിതരണം ചെയ്യേണ്ട ഒരു കോടി 17 ലക്ഷം രൂപ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. ഇവര്‍ക്ക് അനുവദിച്ചതായാണ് രേഖകളിലുള്ളതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ല.
അക്കൗണ്ട് വിവരങ്ങള്‍ കൃത്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.എന്നാല്‍ മൂന്നുവര്‍ഷമായിട്ടും വ്യക്തത വരുത്തി വിതരണം ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണന്നാണ് കണ്ടെത്തല്‍. ഈ പണം ഉടന്‍ വിതരണം ചെയ്യുകയോ അല്ലെങ്കില്‍ തിരിച്ചെടുക്കുകയോ ചെയ്യണമെന്നാണ് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
നേരത്തെ അപേക്ഷ പോലുംനല്‍കാത്തയാളിന് 12 തവണയായി അറുപതിനായിരം രൂപ നല്‍കിയ റവന്യുവകുപ്പ് ജൂനിയര്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫണ്ട് വിതരണം വിശദമായി അന്വേഷിക്കാന്‍ കലക്ടര്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
Post Your Comments