അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ബോളിവുഡ് നടിയിലുള്ള “രഹസ്യ”മകനെ ഡി കമ്പനിയുടെ നിയന്ത്രണം ഏല്പിക്കാന് നീക്കം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയാണു കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച വിവരം നല്‍കിയത്. മുന്‍ ഭാര്യ മെഹജാബിന് ഷെയ്ഖിലുള്ള മൂന്ന് മക്കളിലെ ഏക ആണ്‍തരിയായ മോയിന്‍ നവാസിനെ തന്റെ സാമ്രാജ്യത്തിന്റെ പിന്‍ഗാമിയാക്കാന്‍ ദാവൂദ് ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. ബിസിനസ് മാനേജ്മെന്റില്‍ ഇംഗ്ലണ്ടില്‍നിന്ന് ബിരുദമെടുത്ത മോയിന്‍ നവാസ് ഇപ്പോള്‍ കറാച്ചിയിലെ മുസ്ലിം പള്ളിയിലെ മതപണ്ഡിതനാണ്.
പള്ളിയിലെ മൗലാന പദവിയോടൊപ്പം അറിയപ്പെടുന്ന മതപ്രഭാഷകനായി മാറിയ മോയിന്‍ നവാസ് നേരത്തെ പിതാവിന്റെ ബിസിനസില്‍ ഇടപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം ഉപേക്ഷിച്ച് കറാച്ചിയിലെ പള്ളിയോടു ചേര്‍ന്നുള്ള ചെറിയ വീട്ടിലാണ് താമസം.ലണ്ടനില്‍ സഹപാഠിയായിരുന്ന കനേഡിയന്‍ ബിസിനസുകാരന്റെ മകള്‍ സാനിയാ ഷെയ്ഖിനെ 2011 സെപ്റ്റംബറില്‍ വിവാഹം കഴിച്ച മോയിന്‍ നവാസ് മൂന്ന് മക്കളോടും ഭാര്യയോടുമൊപ്പമാണു കഴിയുന്നത്. ഡിസംബര്‍ 26ന് 65-ാം വയസിലേക്കു കടക്കുന്ന ദാവൂദ് ഇബ്രാഹിമിനെ ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് കറാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിദേശ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായ ദാവൂദ് ഇബ്രാഹിം പൂര്‍ണ ആരോഗ്യവാനല്ലെന്ന് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഹിന്ദി സിനിമയിലെ നിരവധി നടിമാരുമായി ദാവൂദ് ഇബ്രാഹിമിന് അടുപ്പമുണ്ടായിരുന്നു. ഇതില്‍ രണ്ടുപേരുമായി അടുത്ത ബന്ധവും. ഇതിലൊരാളെ ഒരു ചിത്രത്തില്‍ നായികയാക്കാന്‍ വിസമ്മതിച്ച പ്രശസ്ത സിനിമ സംവിധായകന് ജവേദ് സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ദാവൂദിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്നും ആരോപണമുണ്ട്.
രണ്ടു നടിമാരിലും ദാവൂദിന് മക്കളുണ്ടെന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും ഒരാള്‍ക്കു മകന് പിറന്ന വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ചിരുന്നു. ദാവൂദിന്റെ നിര്‍ദേശാനുസരണം ഗര്‍ഭാവസ്ഥയിലിരിക്കെ ഇന്ത്യവിട്ട അവര്‍ ഗള്‍ഫിലെ താമസത്തിനിടെയാണു പ്രസവിക്കുന്നത്. ഒടുവില്‍ പ്രസവിച്ച കുഞ്ഞിനെ സഹോദരിയെ ഏല്പിച്ച് ഇന്ത്യയിലേക്ക് മടങ്ങി. ഇവരുടെ സഹോദരിയുടെ മകനായി അറിയപ്പെട്ട കുഞ്ഞ് ഇപ്പോള്‍ യുവാവായി. ഈ നടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ദാവൂദിന്റെ ആദ്യ ഭാര്യ മെഹജാബിന് വിവാഹമോചിതയാകുന്നത്. നടി ദാവൂദുമായുള്ള ബന്ധം അവസാനിച്ചശേഷം ഒരു ബുദ്ധസന്യാസിയെ വിവാഹം കഴിച്ചു.
ഇപ്പോള്‍ ടിബറ്റില്‍ യോഗകേന്ദ്രം നടത്തുകയാണ്. ദാവൂദില്‍ തനിക്കുണ്ടായ മകന്റെ കാര്യം സുരക്ഷാ ഭീഷണി ഭയന്ന് നടി രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. തന്റെ പിന്‍ഗാമിയായി കണ്ടിരുന്ന മകന് മോയിന്‍ നവാസ് പൗരോഹിത്യ മാര്‍ഗത്തിലേക്ക് തിരിഞ്ഞതോടെ ഒളിവില്‍ കഴിയുന്ന മകന് ആസ്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണു ദാവൂദ് ഇബ്രാഹിമിന്റെ അഭിലാഷം. 10 ബില്യണ്‍ യു.എസ്. ഡോളറിന്റെ ആസ്തി ദാവൂദിനുണ്ടെന്നാണ് അമേരിക്കന്‍ -ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ലോകത്തിലെ സമ്പന്നരുടെ പട്ടികയിലേക്ക് “രഹസ്യ മകനെ” ക്ഷണിച്ചിട്ടും ഇന്ത്യയിലുള്ള യുവാവ് അതിന് സമ്മതം മൂളിയിട്ടില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments