തൃശ്ശൂർ: നടനും, സംവിധായകനുമായ നിഷാദ് ഹസനെ അക്രമി സംഘം തട്ടിക്കൊണ്ട് പോയി.തൃശ്ശൂർ കൂര്‍ക്കഞ്ചേരി സ്വദേശിയാണ് നിഷാദ് ഹസൻ. ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച് പുലര്‍ച്ചെയായിരുന്നു സംഭവം.
നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഷാദ് സംവിധാനം ചെയ്ത് നായകവേഷത്തില്‍ അഭിനയിച്ച പുതിയ സിനിമ “വിപ്ലവം ജയിക്കാനുള്ളതാണ്” കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്ക് പോകുന്നതിനിടെയാണ് അക്രമിസംഘം എത്തിയത്.
കാറിലെത്തിയ സംഘം നിഷാദും ഭാര്യയും സഞ്ചിരിച്ചിരുന്നകാറിനെ മറികടന്നു തടഞ്ഞിട്ട ശേഷം അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മര്‍ദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറില്‍ കയറ്റിക്കൊണ്ട് പോയി. സ്ഥലത്ത് നിന്ന് ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.
നിരവധി ഹൃസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികള്‍ക്കും സംവിധാനം ചെയ്തിട്ടുള്ള നിഷാദ് ആദ്യമായിട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റ ഷോട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന യു.ആര്.എഫ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് വിപ്ലവം ജയിക്കാനുള്ളത് എന്ന സിനിമ പുറത്തിറങ്ങിയത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനെയും തര്‍ക്കം ബാധിച്ചിരുന്നു.
Post Your Comments