കാലങ്ങളായി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അനുകൂല രാഷ്ട്രീയപരിണതി മാത്രമല്ല, ബി.ജെ.പിക്ക് ജമ്മുകശ്മീര്‍ തീരുമാനം.ബി.ജെ.പി.യുടെ ആദ്യരൂപമായ ഭാരതീയ ജനസംഘം മുതല്‍ രാജ്യത്തെ ഹിന്ദുത്വരാഷ്ട്രീയ ധാരകള്‍ നിരന്തരം ഉയര്‍ത്തുന്ന മുദ്രാവാക്യത്തിനാണ് പാര്‍ലമെന്റ് തിങ്കളാഴ്ച അംഗീകാരം നല്‍കിയത്. ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന രാഷ്ട്രീയകരുനീക്കമാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ നടത്തിയത്. ആസൂത്രിതമായ നീക്കങ്ങളില്‍ പ്രതിപക്ഷം ചിതറി.
അയോധ്യയിലെ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ ഈ സാഹചര്യം ബി.ജെ.പി.ക്കു ആത്മവിശ്വാസമേകും.1950-കള്‍ മുതല്‍ ഹിന്ദുത്വരാഷ്ട്രീയം എതിര്‍ക്കുന്ന വിഷയങ്ങളാണ് ഭരണഘടനയുടെ 370, 35എ അനുച്ഛേദങ്ങള്‍. ജമ്മുകശ്മീരിനു പ്രത്യേകപദവിയും പ്രവേശന പെര്‍മിറ്റുമെന്ന തീരുമാനങ്ങള്‍ക്കെതിരേ കലഹിച്ച് കോണ്‍ഗ്രസ് വിട്ട് ജനസംഘത്തിനു രൂപം കൊടുത്ത ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്ര മോദി വരെയുള്ള നേതാക്കള്‍ ഈ മുദ്രാവാക്യം നിരന്തരമുയര്‍ത്തി.
1980-ല്‍ ബി.ജെ.പി. നിലവില്‍ വന്നപ്പോള്‍ ജമ്മുകശ്മീര്‍ നിലപാട് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന ഇനമായി.ഭരണഘടനയുടെ 370, 35എ അനുച്ഛേദങ്ങള്‍ റദ്ദാക്കും, കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതമായ മടങ്ങിപ്പോക്ക് ഉറപ്പുവരുത്തും, പടിഞ്ഞാറന്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും ഛംബയിലും നിന്നുള്ള ഹിന്ദു അഭയാര്‍ഥികളെ പുനരധിവസിപ്പിക്കും എന്നീ ഉറപ്പുകളാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താറുള്ളത്.
വാജ്‌പേയിയുടെ ഭരണകാലത്ത് ഈ അജന്‍ഡകള്‍ നടപ്പാക്കാന്‍ സര്‍ക്കാരില്‍ സംഘപരിവാര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെങ്കിലും ബി.ജെ.പിക്ക് ആവശ്യമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ തൊടാനായില്ല. ജെ.ഡി.യു, ഡി.എം.കെ. എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ എതിര്‍പ്പും അന്നു പിന്തിരിപ്പിച്ചു.എന്നാല്‍ 2014-ലും 2019-ലും ബി.ജെ.പി.യുടെ പ്രകടനപത്രികയില്‍ ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇടംപിടിച്ചത് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം കിട്ടുമെന്നും നടപ്പാക്കാനാകുമെന്നുമുള്ള രാഷ്ടീയപ്രതീക്ഷയോടെയാണ്.
ജനസംഘത്തിന്റെ കാലം മുതല്‍ ബി.ജെ.പി. ഉയര്‍ത്തിപ്പിടിക്കുന്ന വിഷയമാണ് 370-ാം അനുച്ഛേദത്തിന്റെ റദ്ദാക്കലെന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നു. 35 എ അനുച്ഛേദം ജമ്മുകശ്മീരിന്റെ വളര്‍ച്ചയ്ക്കു വിഘാതമാണെന്നും പത്രിക ചൂണ്ടിക്കാട്ടുന്നുണ്ട്. ജമ്മുകശ്മീരിന്റെ വികസനവഴിയിലെ മുഴുവന്‍ തടസ്സങ്ങളും മറികടക്കാന്‍ ബി.ജെ.പി. പ്രതിജ്ഞാബദ്ധമാണെന്ന് 2014-ലെ പത്രികയിലും പറയുന്നു.2014-ല്‍ വീണ്ടും ഭരണത്തിലെത്തിയപ്പോള്‍ ജമ്മുകശ്മീര്‍ ലക്ഷ്യമിട്ടു ബി.ജെ.പി.യും മോദി സര്‍ക്കാരും നടപ്പാക്കിയ രാഷ്ട്രീയപദ്ധതികളുടെ നേട്ടമാണ് 2019-ല്‍ കൊയ്യുന്നത്.
പി.ഡി.പി.യുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി കളം പരിശോധിച്ചത് ഇതിന്റെ ആദ്യ ഘട്ടമായിരുന്നു.ജമ്മുവിലും ലഡാക്കിലും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നതിനൊപ്പം സംസ്ഥാനത്തിനുപുറത്ത് രാജ്യവ്യാപകമായി ഉയരുന്ന ചര്‍ച്ചകള്‍ ബി.ജെ.പി.ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കശ്മീരില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് അന്താരാഷ്ട്രമാനങ്ങളുമുണ്ട്.
രാജ്യസഭയില്‍ പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളൊഴികെയുള്ളവര്‍ അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ പിന്തുണച്ചത് പുതിയ രാഷ്ട്രീയവുമായി. അപ്രതീക്ഷിതമായ സര്‍ക്കാര്‍നീക്കം പ്രതിപക്ഷപാര്‍ട്ടികളെ ശിഥിലമാക്കിയതും രാഷ്ട്രീയനേട്ടമായാണ് ബി.ജെ.പി. കണക്കാക്കുന്നത്.
Post Your Comments