Latest NewsMobile PhoneTechnology

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടും; കാരണം ഇതാണ്

സോള്‍: സ്മാര്‍ട്ട് ഫോണുകള്‍ക്കിനി വില കൂടാന്‍ സാധ്യത. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള സാമ്പത്തിക യുദ്ധം സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണിത്. കയറ്റുമതിയിലൂടെ കൊറിയയില്‍ എത്തുന്ന വസ്തുക്കള്‍ ആയുധ നിര്‍മാണത്തിനും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നുവെന്ന കാരണത്താലാണ് ജപ്പാന്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ദക്ഷിണ കൊറിയ്ക്ക് ജപ്പാന്‍ നല്‍കിയിരുന്ന മുന്‍ഗണന വ്യാപാര പങ്കാളിയെന്ന പദവിയും നീക്കം ചെയ്തിരുന്നു.

ദക്ഷിണ കൊറിയയിലേക്കുളള പ്രധാനപ്പെട്ട മൂന്ന് രാസവസ്തുക്കളുടെ കയറ്റുമതിക്ക് ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിപ്പുകള്‍, പരന്ന സ്‌ക്രീനുകള്‍ തുടങ്ങി ടെക്നോളജി വ്യവസായത്തില്‍ ഉപയോഗിക്കുന്ന നിര്‍ണായക ഘടകങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതിയിലാണ് ജപ്പാനീസ് നിയന്ത്രണം. പുതിയ നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 28ന് നിലവില്‍ വരും.

സാമ്പത്തിക യുദ്ധ പ്രഖ്യാപനമെന്നാണ് ദക്ഷിണ കൊറിയ ജപ്പാന്റെ ഈ നടപടിയെ വിലയിരുത്തിയത്. ഇതോടെ ആഗോളതലത്തിലുളള സെമി കണ്ടക്റ്റര്‍ (അര്‍ധ ചാലകം) വ്യവസായത്തിന്റെ പ്രതിസന്ധി വര്‍ധിച്ചു. പുതിയ നിയന്ത്രണങ്ങള്‍ നടപ്പാകുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങും എന്നാണ് കണക്കാക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടുന്നതിനും സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ തകര്‍ച്ചയ്ക്കും ഈ സാമ്പത്തിക യുദ്ധം കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

ലോകത്തുളള മെമ്മറി ചിപ്പുകളില്‍ മൂന്നില്‍ രണ്ടും നിര്‍മിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. ഇവയില്‍ മുന്‍പന്തിയിലുളളത് സാംസങും എസ് കെ ഹൈനിക്‌സുമാണ്. ലോകത്തെ സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറുകളില്‍ വരെ ഇത്തരം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ജപ്പാന്റെ നടപടി ദക്ഷിണ കൊറിയയെ പ്രതിസന്ധിയില്‍ ആക്കുന്നതിനൊപ്പം ലോകത്തെ മുഴുവന്‍ പ്രശ്‌നത്തിലാക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button