കൊല്‍ക്കത്ത: മുത്തലാഖ് നിയമം അംഗീകരിക്കാനാവില്ലെന്ന് ടിഎംസി മന്ത്രിയും ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ പശ്ചിമ ബംഗാള്‍ യൂണിറ്റ് പ്രസിഡന്റുമായ സിദ്ധിക്കുള്ള ചൗധരി പറഞ്ഞു. സമൂഹത്തിന് ഈ നിയമം അംഗീകരിക്കാനാവില്ലെന്നും ബില്‍ പാസായത് വളരെ ഖേദകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇസ്ലാമിനെതിരായ ആക്രമണമാണ്. ഞങ്ങള്‍ അത് അംഗീകരിക്കില്ല. ഈ നിയമം ഞങ്ങള്‍ക്ക് ഇഷ്ടമല്ല. കേന്ദ്ര കമ്മിറ്റി യോഗം നടക്കുമ്പോള്‍ തുടര്‍നടപടികള്‍ ഞങ്ങള്‍ തീരുമാനിക്കും’ അദ്ദേഹം പറഞ്ഞു.
ജൂലൈ 30 നാണ് രാജ്യസഭ ബില്‍ പാസാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നതെന്നതാണ് ഏറെ ശ്രദ്ധേയം.ഇതോടെ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷം വരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരത്തോടെ സ്ഥായിയായ നിയമമായത്.
ഭരണപക്ഷത്തിനു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സമര്‍ഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 84 അംഗങ്ങളും വോട്ടു ചെയ്തിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84-നെതിരേ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബില്‍ പാസാക്കിയത്. മോദിസര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു മുത്തലാഖ് ബില്‍ പാസാക്കുക എന്നത്.
Post Your Comments