ഇൻഡോർ: നാലാം ഭാര്യയാണെന്നറിഞ്ഞ് വീടുവിട്ടിറങ്ങിയ യുവതിയെ മെസേജിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭംവം. അജ്മീർ സ്വദേശിയായ ഇമ്രാൻ എന്ന 32-കാരനാണ് നാലാം ഭാര്യയെ എസ്.എം.എസ് വഴി മുത്തലാഖ് ചെയ്തത്. മൂന്നു ഭാര്യമാരുള്ള വിവരം മറച്ചുവെച്ച് ആയിരുന്നു ഇയാൾ വിവാഹമോചിതയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷമാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് യുവതി അറിയുന്നത്. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിന് പിന്നാലെയാണ് ഇമ്രാൻ മെസേജ് അയച്ച് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിഞ്ഞതായി അറിയിച്ചത്.
മുത്തലാഖ് നിയമം നിരോധിച്ചതിനാലാണ് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇൻഡോർ സ്വദേശിയായ താൻ അജ്മീർ സ്വദേശിയായ ഇമ്രാനെ ഒരു വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. തനിക്ക് നിലവിൽ ഭാര്യമാരില്ല എന്ന് വാക്കു നൽകിയാണ് യുവാവ് ഇവരെ വിവാഹം ചെയ്തത്. തന്റെ ആദ്യ വിവാഹമാണ് ഇതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ആദ്യ വിവാഹത്തിലുള്ള മൂന്ന് കുട്ടികളെ നോക്കിക്കോളും എന്നും ഇയാൾ ഉറപ്പു നൽകിയതായി യുവതി പരാതിയിൽ പറഞ്ഞു.
വിവാഹം കഴിഞ്ഞ ശേഷം ഇവർ ഇയാളുടെ വീട്ടിലായിരുന്നു താമസം. അതിനിടയിലാണ് തന്റെ ഭർത്താവിന് മൂന്ന് ഭാര്യമാർ കൂടെയുണ്ടെന്ന വിവരം ഇവർ അറിഞ്ഞത്. തുടർന്ന്, ഇതിന്റെ പേരിൽ ഭർത്താവുമായി യുവതി വഴക്കിട്ടു. അതിനുശേഷം മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് ഭർത്താവിന്റെ ‘മുത്തലാഖ് സന്ദേശം’ യുവതിക്ക് ലഭിക്കുന്നത്. മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ട്രിപ്പിൾ തലാഖ് നിയമവിരുദ്ധമാക്കിയതിനാൽ അവർ ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇപ്പോൾ, അവരുടെ ഭർത്താവിന് എതിരെ കേസ് എടുത്തിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ, ഇയാളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.
Post Your Comments