ന്യൂഡല്‍ഹി: അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കാന്‍ തുടങ്ങിയെന്നും ആശുപത്രിയിലെ ട്രോമാ വിഭാഗം തലവന്‍ പറഞ്ഞു.
അതേസമയം,ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ തല്ക്കാലം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്നും ചികിത്സ ലഖ്നൗവില്‍ തുടരട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. ഡോക്ടര്‍മാരുടെ അനുമതിയോടെ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി തല്ക്കാലം മരവിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സ തുടരുന്നതാണ് താത്പര്യമെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിരിക്ഷണം.
ഇന്നലെ സുപ്രീംകോടതി ഇറക്കിയ ഉത്തരവ് അനുസരിച്ച് 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചത്. മാത്രമല്ല, ഇന്നലെ രാത്രി തന്നെ കുടുംബത്തിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ കണ്ട് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയുടെ കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുല്‍ദീപ് സിംഗ് സെംഗാറിനും പത്ത് പേര്‍ക്കുമെതിരെ കേസും റജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments