ബെംഗളൂരു: കര്‍ണാടകത്തിലെ കാപ്പിയുടെ ഖ്യാതി ലോകമെമ്പാടും എത്തിച്ച വി.ജി സിദ്ധാര്‍ത്ഥ യാത്രയായത് ആതുരസേവനമെന്ന മോഹം ബാക്കിയാക്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു.
കാപ്പി വ്യവസായത്തില്‍ മുഴുകുമ്പോഴും ചിക്കമംഗളൂരുവിലെ ആരോഗ്യരംഗത്തും സിദ്ധാര്‍ത്ഥ സജീവമായിരുന്നു. ആരോഗ്യരംഗത്തെ മോശം അവസ്ഥ കണ്ട് ചിക്കമംഗളൂരുവില്‍ 200 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ആശുപത്രിക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നു.
ചിക്കമംഗളൂരുവിലുള്ള തോട്ടപ്പണിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ആശുപത്രിക്ക് അച്ഛന്‍ ഗംഗയ്യ ഹെഗ്‌ഡെയുടെ പേര് നല്‍കാനായിരുന്നു സിദ്ധാര്‍ത്ഥ് തീരുമാനിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സമാനമായി ചിക്കമംഗളൂരുവില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
മനുഷ്യസ്‌നേഹിയായ മുതലാളി എന്നായിരുന്നു ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥയെക്കുറിച്ച് പറയാനുണ്ടായിരുന്നത്. തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന ബി.കെ സുന്ദരേഷ് ട്രെയിന്‍ അപകടത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സിദ്ധാര്‍ത്ഥ സഹായം നല്‍കിയിരുന്നു.
Post Your Comments