ലാഹോര്‍: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സഹോദര പുത്രന്മാര്‍ക്ക് ഹജ്ജ് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവരെ ഹജ്ജ് പ്രത്യേക വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലെ അല്ലാമ ഇക്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ അബ്ബാസ് ഷെരീഫിന്റെ മക്കളായ യൂസഫിനെയും അബ്ദുല്‍ അസീസ് അബ്ബാസിനെയുമാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ഉദ്യോഗസ്ഥര്‍ തിരിച്ചിറക്കിയത്. ഇവരുടെ പേരുകള്‍ പ്രൊവിഷണല്‍ നാഷണല്‍ ഐഡന്റിറ്റി ലിസ്റ്റില്‍ (പിഎന്‍എല്‍) ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു യാത്രക്കാരനെ രാജ്യത്തിന് പുറത്തേക്ക് പോകുന്നതില്‍ നിന്നും തടയാന്‍ ഈ നിയമത്തിന് കഴിയും. എമിഗ്രേഷന്‍ നിയമങ്ങളുടെ ഭാഗമായി അടുത്തിടെ അവതരിപ്പിച്ച പുതിയ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റാണ് പിഎന്‍എല്‍.
ചൗധരി ഷുഗര്‍ മില്‍ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പട്ടികയില്‍ ഈ രണ്ട് സഹോദരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. യൂസഫ് അബ്ബാസിനും അബ്ദുല്‍ അസീസ് അബ്ബാസിനും രാജ്യം വിടാന്‍ സാധിക്കാത്ത വിധം ഇവരെ പിഎന്‍എല്ലില്‍ ഉള്‍പ്പെടുത്താന്‍ എന്‍എബി അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നുവെന്ന് എഫ്ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
രണ്ട് സഹോദരന്മാരും ചൗധരി ഷുഗര്‍ മില്ലിന്റെ ഓഹരിയുടമകളാണെന്നും നിക്ഷേപം, പണമയയ്ക്കല്‍ എന്നിവ സംബന്ധിച്ച എന്‍എബിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവാസ് ഷെരീഫ്, ഷഹബാസ് ഷെരീഫ്, മറിയം നവാസ്, ഹംസ ഷഹബാസ് എന്നിവര്‍ക്കൊപ്പം ഇരുവരും കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃതമായി സ്വത്ത് സമ്പാദിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments