കൊച്ചി : പാലാരിവട്ടത്തിന് പിന്നാലെ വൈറ്റില മേല്‍പ്പാല നിർമാണത്തിലും പിഴവ് സംഭവിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ കണ്ടെത്തൽ.ഇതോടെ പൊതുമരാമത്ത് വകുപ്പ് വീണ്ടും പ്രതിസന്ധിയിലായി.
അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍റെ ഓഫീസ് അറിയിച്ചു.
വൈറ്റില മേൽപ്പാലം നിർമ്മാണ കാര്യത്തിൽ ആരോപണം ഉയർന്നതോടെ പൊതുമരാമത്തു വകുപ്പ് ജില്ല വിജിലൻസ് ഓഫീസർ പരിശോധന നടത്തി.ഈ പരിശോധനയിലാണ് കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തിയത്. കോൺക്രീറ്റ് മിക്സിംഗിലെ മാറ്റങ്ങൾ അംഗീകരിക്കേണ്ടത് ഇദ്ദേഹമാണ്. കരാറുകാർ കോൺക്രീറ്റ് തയ്യാറാക്കുന്നത് പരിചയ സമ്പന്നരായ സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ അല്ലെന്നും വ്യക്തമായി.
കഴിഞ്ഞ മാസം പതിമൂന്നിന് പണിത ഗർഡർ, പതിനാലിന് സ്ഥാപിച്ച ഡെക്ക് സ്ലാബ് എന്നിവക്ക് ഉപയോഗിച്ച കോൺക്രീറ്റിൻറെ ഗുണനിലവാരം സംബന്ധിച്ച പരിശോധന ഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ മാസം രണ്ടാം തീയതി ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലും പരിചയ സമ്പന്നരായ സൂപ്പർ വൈസർമാരെ കരാറുകാരൻ നിയമിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ജില്ലാ വിജിലൻസ് ഓഫീസർ ഡെപ്യൂട്ടി ചീഫ് വിജിലൻസ് ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്ലാൻറിൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുമില്ല.
Post Your Comments