കോഴിക്കോട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) അംഗങ്ങളായവര്‍ക്കു തുടര്‍ചികിത്സയ്ക്കു കാരുണ്യ ബെനവലന്റ് ഫണ്ടില്‍ (കെബിഎഫ്) നിന്നു സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കാസ്പ് അംഗങ്ങള്‍ക്കു ജൂലൈ ഒന്നിനു ശേഷം കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരം തുടര്‍ചികിത്സ നല്കിയാല് അതിന്റെ സാമ്പത്തിക ബാധ്യത പൂര്‍ണമായും ആശുപത്രി അധികൃതര്‍ക്കായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
കാരുണ്യ ചികിത്സാ സഹായം സംബന്ധിച്ച് ധന, ആരോഗ്യ വകുപ്പുകള്‍ തമ്മിലുള്ള ശീതസമരത്തിന്റെ തുടര്‍ച്ചയാണ് ഈ മാസം 24നു പുറപ്പെടുവിച്ച സര്‍ക്കുലര്‍. കാസ്പ് അംഗങ്ങള്‍ക്കു കാരുണ്യ ബെനവലന്റ് ഫണ്ടില്‍നിന്ന് ഡിസംബര്‍ 31 വരെ തുടര്‍ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നെങ്കിലും ധനമന്ത്രി തോമസ് ഐസക് അന്നേ ഇതിനു വിരുദ്ധമായ നിലപാടാണു സ്വീകരിച്ചത്. കാസ്പ് അംഗമല്ലെങ്കിലും റേഷന്‍കാര്‍ഡില്‍ വാര്‍ഷികവരുമാനം 3 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ചികിത്സാസഹായം തുടരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
ചികിത്സാ സഹായത്തിനു ജൂണ്‍ 30 വരെ അപേക്ഷ നല്‍കിയവര്‍ക്ക് കെബിഎഫില്‍ നിന്നുള്ള സഹായം ഡിസംബര്‍ 31 വരെ ലഭിക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഉറപ്പ് ഇതോടെ പാഴ്വാക്കായി. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരും തൊഴിലാളികളുമായ 40.96 ലക്ഷം പേരാണു കാസ്പ് അംഗങ്ങളായുള്ളത്. സര്‍ക്കാര്‍ നിലപാടില്‍ അന്നേ അവ്യക്തത നിലനില്‍ക്കെയാണ് കെബിഎഫില്‍ നിന്ന് ഇനി ചികിത്സാ സഹായം ലഭിക്കില്ലെന്ന് കാരുണ്യ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.
Post Your Comments