
കായംകുളം: ഒന്നര വയസ്സുകാരിയുടെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. താലൂക്ക് ആശുപത്രിയിൽ കീരിക്കാട് തെക്ക് കൈപ്പള്ളിൽ തെക്കതിൽ ശ്യാംകുമാറിന്റെയും നിഖിലയുടെയും മകൾ ആദി ലക്ഷ്മിയുടെ ഒമ്പത് ഗ്രാമിന്റെ മാല പൊട്ടിച്ചെടുത്ത മുതുകുളം വടക്ക് സൂര്യാലയത്തിൽ ജയകൃഷ്ണ(41)നാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.
പനി ബാധിച്ച മകളുമായി മാതാവ് ആശുപത്രിയിൽ എത്തി. ഒപി വിഭാഗത്തിന് സമീപം നിന്നപ്പോൾ കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട നിഖില കുഞ്ഞിന്റെ കഴുത്തു പരിശോധിച്ചപ്പോൾ മാല കണ്ടില്ല. ഇതിനിടെ ഒരാൾ സംശയകരമായി നടന്നുപോകുന്നത് കാണുകയും സമീപമുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു.
ഇവർ ജയകൃഷ്ണനെ തടഞ്ഞുവെച്ച ശേഷം ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവ് ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments