KeralaLatest NewsNews

ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച് ബസില്‍ തിക്കുണ്ടാക്കി മാലപൊട്ടിക്കുന്ന സംഘം പിടിയില്‍: ഇവരെ ശ്രദ്ധിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ബസില്‍ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സ്ത്രീകളെ തടഞ്ഞുവെച്ചു പോലീസിന് കൈമാറി. തമിഴ്‌നാട് പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂര്‍ കോളനിയില്‍ താമസക്കാരായ ഹരണി (40), അംബിക (41), അമൃത (40) എന്നിവറെയാണ് തിരുവനന്തപുരം മാറനല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

Read Also: തൃശൂര്‍ പൂരം കലക്കല്‍: എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റാതെ സര്‍ക്കാര്‍

ചൊവാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഈ സമയം കാട്ടാക്കട – പൂവാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മാറനല്ലൂര്‍ കോട്ടമുകള്‍ ആരാധന വീട്ടില്‍ വാടകയ്ക്ക് താമസക്കുന്ന ശോഭയുടെ ഒന്നേ മുക്കാല്‍ പവന്‍ വരുന്ന മാലയാണ് മോഷ്ടിച്ചത്.

കോട്ടമുകള്‍ ജംഗ്ഷനില്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെയാണ് മാല പിടിച്ചുപറിച്ചത്. ബസില്‍ ഉണ്ടായിരുന്ന പ്രതികള്‍ ഷാള്‍ മുഖത്തു കൂടി ഇട്ടിട്ട് മനഃപൂര്‍വം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു.

എന്നാല്‍ ബസില്‍ നിന്നും ഇറങ്ങിയ സമയത്ത് കഴുത്തില്‍ എന്തോ വലിക്കുന്നത് പോലെ തോന്നിയ ശോഭ ബസില്‍ നിന്ന് ഇറങ്ങിയ ഉടനെ കഴുത്തില്‍ തപ്പി നോക്കിയപ്പോള്‍ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കി. ഇതിനിടെ ബസ് മുന്നോട്ട് നീങ്ങി. പിന്തുടര്‍ന്ന് പോയെങ്കിലും പ്രതികള്‍ വഴിയില്‍ ഇറങ്ങി ഓട്ടോയില്‍ രക്ഷപ്പെട്ടതായി മനസ്സിലാക്കി. ഇതോടെ ഓട്ടോ ഡ്രൈവറെ അറിയിച്ച് അവരെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു നിര്‍ത്തി മാറനല്ലൂര്‍ പൊലിസിനെ വരുത്തി പ്രതികളെ കൈമാറി. പരിശോധനയില്‍ സ്വര്‍ണ്ണമാല ഇവരില്‍ നിന്നും കണ്ടെത്തി.

കൂട്ടമായി എത്തി തിരക്കുള്ള ബസുകളില്‍ കയറിയ ശേഷം മോഷണം നടത്തുകയും അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോയിലോ മറ്റ് ബസുകളിലോ മാറിമാറി കയറി മോഷണ മുതലുമായി സ്ഥലം വിടുകയുമാണ് ഇവരുടെ രീതി എന്ന് പൊലിസ് പറഞ്ഞു. ഇത്തരം മോഷണ ശ്രമങ്ങള്‍ക്കെതിരെ യാത്രക്കാരും പൊതുജനങ്ങളും ജാഗരൂകരാകണമെന്നും മാറനല്ലൂര്‍ പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button