കുവൈത്ത് സിറ്റി: സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ അംഗീകാരം. കുവൈത്ത് എയര്‍വേയ്സ് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്താന്‍ എത്തിയ യു.എസ്സില്‍ നിന്നുള്ള സംഘമാണ് എയര്‍പോര്‍ട്ട് സുരക്ഷിതമെന്ന് വിലയിരുത്തിയത്.
നാലാം ടെര്‍മിനലിലെ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച സംഘം സുരക്ഷാകാര്യത്തില്‍ അംഗീകാരം നല്‍കിയതോടെ ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചു സിവില്‍ ഏവിയേഷന്‍ വകുപ്പും കുവൈത്ത് എയര്‍വേയ്സും അമേരിക്കന്‍ സംഘവുമായി ധാരണയിലെത്തിയിട്ടുണ്ട്.
സുരക്ഷാ വീഴ്ചക്ക് പഴുതുകളില്ലാത്ത സംവിധാനമാണ് കുവൈത്ത് വിമാനത്താവളത്തിലേതെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയതായി സിവില്‍ വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ സെക്ടറുകളിലും വകുപ്പുകളിലും ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ മന്ത്രിസഭക്ക് മുന്നില്‍ നിര്‍ദേശം വെച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം ബയോമെട്രിക് സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കുവൈത്ത് എയര്‍വേസ് ടെര്‍മിനല്‍ ടി4-ല്‍ മൂന്നുമാസം ഇതു പ്രാവര്‍ത്തികമാക്കുമെന്ന് കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസഫ് അല്‍ ഫൗസാന്‍ വ്യക്തമാക്കിയത്. യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമെന്ന നിലയ്ക്കാണ് പുതിയ പരീക്ഷണം. പരീക്ഷണം വിജയകരമെന്നു കണ്ടെത്തിയാല്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments