Latest NewsKerala

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും, മറ്റ് രണ്ട് പ്രതികള്‍ പൊലീസ് അകമ്പടിയോടെ ഇന്ന് കോളേജിലേക്ക്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

യൂണിവേര്‍സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളായ ആരോമല്‍, ആദില്‍ എന്നിവര്‍ പരീക്ഷയെഴുതുന്നതിനായി ഇന്ന് പൊലീസിന്റെ അകമ്പടിയില്‍ കോളജിലെത്തിക്കും.

അതേ സമയം യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസ് ആരംഭിച്ചെങ്കിലും വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.കെ.എസ്.യു പ്രത്യക്ഷ സമരത്തില്‍ നിന്ന് വിട്ടു നില്ക്കുകയാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തിട്ടുണ്ട്.വിവിധ സമരപരിപാടികളാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എ.ബി.വി.പി. സെക്രട്ടറിയേറ്റിലേക്ക് ഇന്ന് ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വലിയ സുരക്ഷാ വലയം പൊലീസ് നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button