തൊടുപുഴ : കോലാഹലമേട് സ്വദേശി രാജ് കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന വിവരം അറിഞ്ഞില്ലെന്ന ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാലിന്റെ നിലപാട് പച്ചക്കള്ളമാണെന്നു ക്രൈംബ്രാഞ്ച്. എല്ലാ വിവരങ്ങളും മുന്‍ എസ്പിയെ സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മുളകു സ്‌പ്രേ, ലാത്തി, പൊലീസുകാരുടെ ഷൂസുകള്‍, കുമാറിന്റെ വസ്ത്രങ്ങള്‍ എന്നിവ മുഖ്യ തെളിവുകളായി ക്രൈംബ്രാഞ്ച് സ്വീകരിച്ചു. മര്‍ദനത്തെ തുടര്‍ന്നു കാലുകളില്‍ മുറിവുണ്ടായപ്പോള്‍ കുമാറിന്റെ ഉടുമുണ്ട് കീറിയാണ് മരുന്നു വയ്ക്കാനായി ഉപയോഗിച്ചത്. തെളിവെടുപ്പിനിടെ കുമാര്‍ പൊലീസിനോടു കള്ളം പറഞ്ഞതും മൊഴി മാറ്റിപ്പറഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിച്ചതിലുമുള്ള വൈരാഗ്യമാണു ക്രൂരമര്‍ദനത്തിനു കാരണമെന്നും കണ്ടെത്തി.
കട്ടപ്പന മുന്‍ ഡിവൈഎസ്പി ആണു കുമാറിന്റെ കസ്റ്റഡി തുടരാന്‍ നിര്‍ദേശിച്ചത്. കുമാറിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതു സംബന്ധിച്ച് കെ.ബി. വേണുഗോപാലിനു വ്യക്തമായ ധാരണ ഉണ്ടായിരുന്നു. നിക്ഷേപകരില്‍ നിന്നു ശേഖരിച്ച പണം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന് അറിയാന്‍ മര്‍ദനത്തിനിടെ കുമാറിന്റെ മുഖത്തും മുളകു സ്‌പ്രേ പ്രയോഗിച്ചു. മര്‍ദനത്തില്‍ അവശനായ കുമാറിനെ പൊലീസുകാര്‍ ചുമന്നു മാറ്റുന്ന ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ഓഫ് ചെയ്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത എഎസ്‌ഐ ഉള്‍പ്പെടെ 3 പേരെ പീരുമേട് കോടതി ദേവികുളം സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. കേസിലെ യഥാക്രമം ഒന്നും നാലും പ്രതികളായ നെടുങ്കണ്ടം മുന്‍ എസ്‌ഐ കെ.എ. സാബു, ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി.
Post Your Comments