കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. യാത്രക്കാരനില്‍ നിന്നും 78 ലക്ഷം രൂപ വില വരുന്ന രണ്ടേക്കാല്‍ കിലോയുടെ സ്‌വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ ദുബായില്‍ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വല്‍ഹത്തിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്‌സില്‍ നിന്നാണ് 19 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടിയത്.
കസ്റ്റംസ് വകുപ്പിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. മൈക്രോവേവ് ഓവനിലെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. അതേസമയം അറസ്റ്റിലായ ത്‌വല്‍ഹത്ത്
ഇതുവരെ സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായിട്ടില്ലെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസം കരിപ്പൂരില്‍ മൂന്ന് യാത്രക്കാരില്‍നിന്നായി ആറരക്കിലോ സ്വര്‍ണമാണ് പിടികൂടിയിരുന്നു. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്നമംഗലം നിഷാദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Post Your Comments