Latest NewsKeralaIndia

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടിയ കേസ്: അർജുൻ ആയങ്കി ഹാജരാകണമെന്ന് കസ്റ്റംസ് നോട്ടീസ്

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ കണ്ണൂരിലെ അർജുൻ ആയങ്കിക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 28 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് നൽകിയത്‌.

കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അർജുനെന്ന് കസ്റ്റംസ് സംശയിക്കുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അപേക്ഷ നൽകും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും. ഇയാൾ കഴിഞ്ഞ ദിവസം കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാ‍ർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല.

read also: അർജുൻ ആയങ്കി, വയസ് 25: 4വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി: പിടിക്കപ്പെട്ടപ്പോൾ സിപിഎം അല്ല എന്ന വാദവും!

കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നി‍ർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുൻപേ അർജ്ജുന്റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തന്റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി. നാല് വർഷമായി സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അർജുൻ ഇതിനോടകം കോടികളുടെ സ്വർണം പിടിച്ചുപറിച്ചെന്നാണ് വിവരം.

ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ശുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button