ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
100ൽ അധികം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രത്യേകം കോടതി സ്ഥാപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. 60 ദിവസത്തിനകം കോടതികൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
പോക്സോ കോടതികൾ സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കണം. ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഈ വർഷം മാത്രം ഇതുവരെ ഇരുപത്തിനാലായിരം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
കുട്ടികൾക്കെതിരായ ഇത്തരം കേസുകളിൽ ഉടൻ വിചാരണ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ കേസിൽ മുതിർന്ന അഭിഭാഷകൻ വി. ഗിരിയെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.
Post Your Comments