ഫ്‌ളാവി വിഭാഗത്തില്‍പ്പെട്ട ആര്‍ബോവൈറസുകളാണു ഡെങ്കിപ്പനി ഉണ്ടാക്കുന്ന രോഗാണു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണു രോഗം പരത്തുന്നത്. പകല്‍സമയത്താണ് (രാവിലെയും വൈകുന്നേരവും) ഇവ കടിക്കുന്നത്.
വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.
രണ്ടു തരം ഡെങ്കിപ്പനികള്‍ ഉണ്ട്. ഡെങ്കിഹെമറാജിക് ഫിവറും, ഡെങ്കിഷോക്‌സിന്‍ഡ്രോമും. ഡെങ്കിപ്പനിയുള്ളവര്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞു രക്തസ്രാവം ഉണ്ടാകും. അതാണു ഡെങ്കി ഹെമറാജിക് ഫിവര്‍. ഈ അവസ്ഥയില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ രക്തമൊഴുകും. ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിക്കാം.
രക്തസ്രാവത്തെത്തുടര്‍ന്നു രക്ത സമ്മര്‍ദം ക്രമാതീതമായി താഴുന്ന അവസ്ഥയാണു ഡെങ്കി ഷോക് സിന്‍ഡ്രോം. ഒരിക്കല്‍ ഡെങ്കിപ്പനി വന്ന വ്യക്തിക്കു രണ്ടാമതൊരു ടൈപ്പില്‍പ്പെട്ട ഡെങ്കിവൈറസ് ആക്രമിക്കുമ്പോഴാണു രോഗം ഗുരുതരമാകുന്നത്. ഡെങ്കിപ്പനിക്കു പ്രതിരോധ വാക്‌സിനില്ല. സാധാരണ വൈറല്‍പനിക്ക് സമാനമാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. എങ്കിലും മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി അതികഠിനമായ ശരീരവേദന ഉണ്ടാകാം. രോഗിയില്‍ കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകണമെന്നില്ല. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതാണു രോഗം തടയാനുള്ള ഏകവഴി.
ഡെങ്കിപ്പനി കൊതുകുകടിയിലൂടെ മാത്രമേ പകരുകയുള്ളൂ. അതിനാല്‍ കൊതുക് നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും പ്രധാനവഴി. ഈഡിസ് കൊതുകുകള്‍ വീട്ടിന് പരിസരത്തും വീട്ടിനുള്ളിലുമെല്ലാം വളരാം. ഇവ തെളിഞ്ഞവെള്ളത്തിലാണ് മുട്ടയിടുന്നത്. ഒരു സ്പൂണ്‍ വെള്ളത്തില്‍പ്പോലും കൊതുകുകള്‍ മുട്ടയിട്ടുവളരാം. അതിനാല്‍ ഉറവിടത്തില്‍ത്തന്നെ കൊതുകിനെ നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.
Post Your Comments