UAELatest NewsGulf

ഏജന്‍സിയില്‍ നിന്നും വീട്ടുജോലിക്കെന്നു പറഞ്ഞ് കൊണ്ടുപോയി; ചതിക്കപ്പെട്ടെന്ന് മനസിലായത് പിന്നീട്, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം

അബുദാബി : ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത അറബ് പൗരന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. അബുദാബി ഫെഡറല്‍ സുപ്രീംകോടതിയാണ് കീഴ്‌കോടതി വിധി ശരിവച്ച് പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചത്. തനിക്കെതിരായ കുറ്റം പ്രതിയായ അറബ് പൗരന്‍ നിഷേധിച്ചു. യുവതിയുടെ അനുവാദത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് ഇയാളുടെ വാദം.

എന്നാല്‍ യുവതിയെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് വ്യക്തമായതോടെയാണ് നടപടി. തൊഴിലുടമയെന്ന രീതിയില്‍ ആണ് അറബ് പൗരന്‍ വടക്കന്‍ എമിറേറ്റിലുള്ള ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്നും യുവതിയെ വീട്ടുജോലിക്കായി കൊണ്ടുപോയത് എന്നാണ് കോടതി രേഖകളില്‍ പറയുന്നത്. എന്നാല്‍, വീട്ടിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നതിന് പകരം പ്രതി കടലിനോട് ചേര്‍ന്നുള്ള ഒറ്റപ്പെട്ട പ്രദേശത്തേക്കാണ് യുവതിയെയും കൊണ്ടുപോയത്.

കടലിന് സമീപത്ത് വാഹനം നിര്‍ത്തുകയും തന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ പറയുകയും ചെയ്തുവെന്ന് യുവതി പ്രോസിക്യൂട്ടേഴ്‌സിന് മൊഴി നല്‍കി. ‘ഇക്കാര്യം നിഷേധിച്ചപ്പോള്‍ അയാള്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചു. സഹായത്തിനായി ഉറക്കെ കരയുകയും അയാളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തെങ്കിലും എല്ലാം വെറുതെയായിരുന്നു എന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

ജോലിക്കാരിയെ വാങ്ങാനായി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ പോയിരുന്നുവെന്ന കാര്യം ഇയാള്‍ സമ്മതിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ള യുവതിയെയാണ് അന്വേഷിച്ചിരുന്നത്. യുവതിയും ഏജന്റും ഇതിന് സമ്മതിച്ചിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. കാര്യങ്ങള്‍ പൊലീസിനോട് പറയാതിരിക്കാന്‍ യുവതിക്ക് 10,000 ദിര്‍ഹം നല്‍കിയിരുന്നുവെന്നും പ്രതി പറഞ്ഞു. കേസ് ആദ്യം പരിഗണിച്ച പ്രാഥമിക ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവാണ് വിധിച്ചത്. പ്രതി അപ്പീല്‍ കോടതിയില്‍ പോയി ഇത് മൂന്നു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

സംഭവത്തിനു ശേഷം അറബ് പൗരന്‍ യുവതിയെ തിരികെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൊണ്ടുവിട്ടുവെന്നാണ് ജോലിക്കാരി പറയുന്നത്. തുടര്‍ന്ന്, സ്ത്രീ സംഭവിച്ച കാര്യങ്ങള്‍ ഏജന്റിനോട് വിശദീകരിക്കുകയും ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പീഡനം, സ്ത്രീകള്‍ക്കെതിരായ മര്‍ദനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button