കൊച്ചി: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് സഹോദരങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടൊപ്പം തന്നെ ഒളിവില്‍ കഴിഞ്ഞ ഇമാമിന് സാമ്പത്തിക സഹായം എത്തിച്ച രണ്ട് പേര്‍ക്കായുള്ള അന്വേഷണവും പൊലീസ് തുടങ്ങി. ഇതിനിടെ ഇയാള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നു പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇമാമിനെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ച സഹോദരങ്ങളായ അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവരെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് നെടുമങ്ങാട് എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവര്‍ നല്‍കിയ സൂചന അനുസരിച്ച് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
അല്‍ അമീനിന്റെ മൊഴിയില്‍ നിന്നാണ് ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ സാമ്പത്തകമായി സഹായിച്ച രണ്ട് പേരെക്കുറിച്ച് സൂചന ലഭിച്ചത്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ഇമാം ബംഗ്ലൂരുവില്‍ കടന്നിട്ടില്ലെന്നും എറണാകുളത്തോ കോട്ടയത്തോ മറ്റാരുടെയോ സംരക്ഷണയില്‍ കഴിയുകയാണെന്നുമാണ് പൊലീസിന്റെ നിഗമനം. ഇമാമിനെ സഹായിക്കുന്ന മറ്റൊരു സഹോദരന്‍ നൗഷാദും ഒളിവിലാണ്.
കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പി അശോഭകന്‍ പറഞ്ഞു. അതേസമയം കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇമാമിന് തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രണ്ട് ലക്ഷം രൂപ കൈമാറിയെന്ന വിവരം പൊലീസിന് കിട്ടി.
Post Your Comments