പൂണെ: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ജയില്‍ മോചിതനായി. നാലുവര്‍ഷമായി പുണെ യെര്‍വാദ ജയിലില്‍ തടവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബോംബേ ഹൈക്കോടതി മുരളിക്ക് ജാമംയ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി തള്ളിയതോടെയാണ് ജയില്‍ മോചനം സാധ്യമായത്.
കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് മുരളിക്ക് വേണ്ടി ജാമ്യം നിന്നത്. പുണെ കോടതി വെരിഫിക്കേഷന്‍ പ്രക്രിയക്ക് വേണ്ട രേഖകളെല്ലാം കേരളത്തിലേക്ക് അയച്ചുകൊടുത്തിരുന്നു. വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ താമസിച്ചതോടെ ജയില്‍ മോചനം നീണ്ടു പോകുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മുരളി ജയില്‍ മോചിതനാകുമെന്ന് അഭിഭാഷകന്‍ രാഹുല്‍ ദേശ്മുഖ് പറഞ്ഞു. വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. 2015 മേയ് എട്ടിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പുണെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുരളിയെയും സഹായിയെയും പുണെയ്ക്കടുത്തുള്ള താലേഗാവ് വച്ച് അറസ്റ്റ് ചെയ്തത്.
Post Your Comments