Latest NewsKerala

അടിവസ്ത്രം കെണിയായി; കള്ളന്‍ കുടുങ്ങി

അടൂര്‍: ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ പാരയായി. കള്ളനെ പൊലീസ് കുടുക്കി. മോഷണത്തിനുള്ള സൗകര്യത്തിന് തുണികള്‍ ഓരോന്നായി ഊരി. അടിവസ്ത്രം വീടിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ വിരിച്ചിട്ടു. ഷര്‍ട്ടും ലുങ്കിയും മഴക്കോട്ടും താഴെയും. വീടിന്റെ മുകളിലേക്ക് കയറി. പിന്നെ നടന്നത് കള്ളന്‍ ഒരിക്കല്‍ പോലും കരുതാത്ത സംഭവങ്ങള്‍.

ആള്‍ത്താമസമില്ലാത്ത വീടിന്റെ മുകളില്‍നിന്ന് ചാടി പിടിയിലായ തിരുവനന്തപുരം പോത്തന്‍കോട് ജൂബിലിഭവനില്‍ ബിജു സെബാസ്റ്റ്യന് (46) പാരയായത് ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍. മങ്ങാട്ട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതായിരുന്നു ബിജു. വീട്, നോക്കാന്‍ ഏറ്റിരുന്ന കൊടുമണ്‍ സ്വദേശികളായ ദമ്പതിമാര്‍ ശനിയാഴ്ച രാത്രി 9.30-ന് എത്തിയപ്പോള്‍ മുന്‍വശത്തെ ഗ്രില്ലില്‍ പുരുഷന്റെ അടിവസ്ത്രം കണ്ടു. താഴെ ബാക്കി വസ്ത്രങ്ങളും ഉണ്ടായിരുന്നു.

സംശയം തോന്നിയ ഇവര്‍ സമീപവാസികളെ വരുത്തി നടത്തിയ പരിശോധനയില്‍ വീടിന്റെ മുകള്‍ഭാഗത്ത് ഒരാള്‍ ഉണ്ടെന്ന് മനസ്സിലായി. നാട്ടുകാര്‍ കൂടിയെന്ന് മനസ്സിലായതോടെ ബിജു താഴേക്ക് ചാടി. താഴെ വീണപ്പോള്‍, വാരിയെല്ല് ഒടിഞ്ഞ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടൂരില്‍നിന്ന് പോലീസെത്തി ഇയാളെ അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയിലാക്കി.

അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മങ്ങാട്ട് ഭാഗത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക്, ഇവിടെ നടന്ന മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാന്‍ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു. സി.ഐ. യു.ബിജു, എസ്.ഐ.മാരായ. പി.എം.ലിബി, ശ്രീകുമാര്‍, എ.എസ്.ഐ. ജി.രാജു എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button