ബെംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായിട്ടുള്ള ചര്‍ച്ച ആരംഭിച്ചു. തന്നെ ബലിയാടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്പീക്കര്‍ രമേശ് കുമാര്‍ ചര്‍ച്ച ആരംഭിക്കുന്നതായി അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കര്‍ അത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ ഏറെ നേരം സംസാരിച്ചു. ആറുമണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സ്പീക്കറുടെ നിര്‍ദേശം.
ഇത് വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കുമാരസ്വാമിക്കു പുറമേ വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന ആവശ്യം ശിവകുമാറും നേരത്തേ ഉന്നയിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ നാളെ രാവിലെ 11 മണിക്കു മുൻപില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു കാണിച്ച് അദ്ദേഹം വിമത എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു.അതേ സമയം, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വൈകീട്ട് ഗവര്‍ണറെ കാണാന്‍ സമയം തേടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ കുമാര സ്വാമി വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ രാജിക്കൊരുങ്ങുന്നതായാണ് സൂചന. രാത്രി ഏഴ് മണിക്ക് മുഖ്യമന്ത്രി ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്.
വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എംഎല്‍എമാരുടെ രാജിയിലും അയോഗ്യരാക്കുന്നകാര്യത്തിലും സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments