കാർഗിൽ വിജയത്തിന് ഇരുപത് വർഷം തികയുമ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി പോയിന്റ് 4355. പോയിന്റ് 4355 ൽ കടുത്ത ആക്രമണം ആരംഭിച്ച ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ബങ്കറുകൾ ഉപേക്ഷിച്ച് പാക് സൈനികർ പലായനം ചെയ്തു. വലിയ ആയുധ ശേഖരം ഉപേക്ഷിച്ചായിരുന്നു രക്ഷപ്പെടൽ. ഇരുപത് വർഷങ്ങൾക്ക് ശേഷവും ഉപേക്ഷിക്കപ്പെട്ട പാക് ആയുധങ്ങൾ ഇന്ത്യൻ പോരാട്ട വീര്യത്തിന്റെ തെളിവായി കാർഗിൽ മണ്ണിലുറങ്ങുന്നു.
മുപ്പതോളം പാകിസ്ഥാൻ സൈനികർ താവളമാക്കിയിരുന്ന പോയിന്റ് 4355 പ്രതികൂല സാഹചര്യത്തോട് മല്ലിട്ടാണ് ഭാരത സൈന്യം സ്വന്തമാക്കിയത്.അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായി വെടിനിർത്തലുണ്ടാകുന്നതു വരെ കാർഗിൽ പിടിച്ചു വെക്കാനായിരുന്നു പാക് സൈന്യത്തിന്റെ ശ്രമം.കാർഗിൽ കുന്നുകൾ കൈവശപ്പെടുത്തിയപ്പോൾ ഉയരമായിരുന്നു പാകിസ്ഥാൻ സൈന്യം അനുകൂല ഘടകമായി കണ്ടത്. താഴെ നിന്ന് കയറി വരുന്ന ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ എളുപ്പമായിരുന്നു.
പകൽ ആക്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം രാത്രിയായിരുന്നു പ്രത്യാക്രമണം നടത്തിയത്. ഉയരങ്ങൾ പതിയിരിക്കുന്ന ശത്രുവിനെ നേരിടുന്നത് തികച്ചും ദുഷ്കരമായിരുന്നു. നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ ശത്രുപ്പടയെ നിർമ്മാർജ്ജനം ചെയ്തല്ലാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ധീരസൈനികർ രൂക്ഷമായ പ്രത്യാക്രമണം നടത്തിയതോടെ പാക് സൈന്യം പിന്തിരിഞ്ഞു.
Post Your Comments