തിരുനന്തപുരം : കുടിശിക നല്‍കാത്തത് കാരണം സ്‌കാനിയ, വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണി സ്വകാര്യകമ്പനി നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. 5.15 പാലക്കാട്, പത്തുമണിക്കും വൈകിട്ട് അഞ്ചേകാലിനുമുള്ള കോയമ്പത്തൂര്‍, ഒന്നേകാല്‍ ബംഗളൂരു,എഴുമണിക്കും എട്ടുമണിക്കും മൈസൂര്‍ സര്‍വീസുകള്‍,രാത്രി ഒന്‍പതര കണ്ണൂര്‍. ഇന്നലെ മാത്രം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് റദ്ദാക്കിയ സര്‍വീസുകളാണിത്.
ബംഗളൂരു,മൈസൂരു റൂട്ടുകളിലെ ഉള്‍പ്പടെ ഏഴുസര്‍വീസുകളാണ് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഓരോദിവസവും റദ്ദാക്കുന്നത്. അരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഒരാഴ്ചയ്ക്കിടയിലുണ്ടായത്. സെന്‍ട്രല്‍ ഡിപ്പോയിലെ ഏഴ് സ്‌കാനിയ ബസുകളും നാല് വോള്‍വോ ബസുകളും,അഞ്ച് സൂപ്പര്‍ഫാസ്റ്റുകളുമാണ് കട്ടപ്പുറത്തുള്ളത്. കടുത്തസാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് റദ്ദാക്കുന്നത് വലിയ തിരിച്ചടിയാണ്.
ഒരു ദിവസം ചുരുങ്ങിയത് ആറുലക്ഷത്തോളം രൂപയുടെ വരുമാനനഷ്ടം. ബംഗളൂരു മൈസൂരു സര്‍വീസുകള്‍ക്ക് കുറഞ്ഞത് എണ്‍പതിനായിരം രൂപ വീതം ദിവസം കലക്ഷനുണ്ട്. കണ്ണൂര്‍ കോയമ്പത്തൂര്‍ സര്‍വീസുകള്‍ക്ക് അറുപതിനായിരവും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ള സര്‍വീസുകളാണിതെല്ലാം. സ്‌കാനിയ ബസുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ഇവിഎം കമ്പനിക്കും, വോള്‍വോ ബസുകള്‍ നന്നാക്കുന്ന വിസ്ത കമ്പനിക്കും ഒന്നരക്കോടി രൂപ വീതം നല്‍കാനുണ്ട്. പണം കിട്ടാത്തതിനാല്‍ സ്‌പെയര്‍പാട്‌സ് വാങ്ങാനാകുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
Post Your Comments