KeralaLatest NewsHealth & Fitness

മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ : 4.96 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുവാന്‍ 4,96,18,770 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.എസ്.എ. ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്‌കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റം, ആന്‍ജിയോഗ്രാഫിക് ഇന്‍ജക്ഷന്‍ സിസ്റ്റം, പോര്‍ട്ടബിള്‍ കളര്‍ ഡോപ്ലര്‍, ഇ.ടി.ഒ., വര്‍ക്ക് സ്റ്റേഷന്‍, തൈറോയിഡ് ഷീല്‍ഡ് തുടങ്ങിയവയ്ക്ക് വേണ്ടിയാണ് തുക അനുവദിച്ചത്. തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഈ തുക അനുവദിച്ചത്. കൂടാതെ ജില്ലാ ജനറല്‍ ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സ്‌ട്രോക്ക് യൂണിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുന്നത്. സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഈ സെന്ററില്‍ ഒരുക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കി വരുന്നത്.

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ലോകത്ത് 80 ദശലക്ഷം ജനങ്ങള്‍ക്ക് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 50 ദശലക്ഷം പേര്‍ ഈ രോഗത്തെ അതിജീവിച്ചു എങ്കിലും ചില സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. തക്കസമയത്ത് ചികിത്സയും പരിചരണവും ലഭിച്ചാല്‍ സ്‌ട്രോക്ക് മാരകമാകാതെ സൂക്ഷിക്കാം.

അനിയന്ത്രിതമായ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പെട്ടന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. 45 വയസ് കഴിഞ്ഞവര്‍ ഇവയ്ക്കുള്ള പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. വ്യായാമം, ആഹാര നിയന്ത്രണം, മരുന്നുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഇവ നിയന്ത്രിക്കുകയും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും വേണം.

വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ മറ്റ് ആശുപത്രികളില്‍ പോയി സമയംകളയാതെ സ്‌ട്രോക്ക് സെന്ററുകളില്‍ മാത്രം പോകുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍.

ഇത്തരത്തില്‍ എല്ലാ സൗകര്യവുമുള്ളതാണ് മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കല്‍ സംഘമാണ് ഈ സ്‌ട്രോക്ക് സെന്ററിലുണ്ടാകുക. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് സ്‌ട്രോക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഓരോ നിമിഷവും പ്രധാനമായതിനാല്‍ സ്‌ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും സമയം വൈകാതെ ബന്ധപ്പെടാനായി ഹെല്‍പ് ലൈന്‍ നമ്പരും യാഥാര്‍ത്ഥ്യമാക്കും. ഉടനടി രോഗിക്ക് നല്‍കേണ്ട പരിചരണവും മറ്റും ഡോക്ടര്‍ പറഞ്ഞുതരും. കൂടാതെ രോഗി എത്തുന്നതിന് മുമ്പുതന്നെ രോഗിക്കാവശ്യമായ സജ്ജീകരണങ്ങളുമൊരുക്കാനും സാധിക്കും. ഇത്തരത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ ഹൈല്‍പ് ലൈന്‍ (9946332963)

സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങളും ചികിത്സാ ചെലവും വളരെയധികം കുറയ്ക്കാനാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button