Latest NewsArticleInternational

കുല്‍ഭൂഷണ്‍ കേസില്‍ ഇമ്രാന്‍ഖാന്റെ നിലപാട്; പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരും

കുല്‍ഭൂഷണ്‍ ജാദവിന് പാക് പട്ടാള കോടതി വിധിച്ച വധശിക്ഷയില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ട സാഹചര്യത്തില്‍ പാകിസ്ഥാന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയോ വധശിക്ഷ റദ്ദാക്കുകയോ ചെയ്യുമെന്ന് കരുതരുത്. കുല്‍ഭൂഷന്‍ ജാധവിന് വധശിക്ഷ വിധിച്ച കേസ് നിയമപരമായി തന്നെ മുന്നോട്ടു കൊണ്ട് പോകുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല കേസ് റദ്ദാക്കണമെന്നോ, ജാധവിനെ മോചിപ്പിച്ച് തിരിച്ചയക്കണമെന്നോ കോടതി വിധിക്കാതിരുന്നതില്‍ കോടതിയെ അഭിനന്ദിക്കുന്നു എന്നും ഇന്ത്യയിലെ മുന്‍ ഓഫീസറായ ജാദവ് പാക് ജനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചെയ്തയാളാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനിടെയാണ് പാക് പ്രധാനമന്ത്രിയുടെപ്രതികരണം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ കുല്‍ഭൂഷണെ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഇന്ത്യയുടെ വാദം ശക്തം

കുല്‍ഭൂഷണ്‍ നിരപരാധിയാണെന്ന ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് രാജ്യാന്തരകോടതിവിധിയെന്ന് ഇന്ത്യ പാകിസ്ഥാനെ ഓര്‍മിപ്പിക്കുന്നുണ്ട്. വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യ മെയ് എട്ടിനാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കുല്‍ഭൂഷണ്‍ ചാരനാണെന്ന പാക് വാദം തെറ്റാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയ ഇന്ത്യ അവര്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മെയ് 18ന് കുല്‍ഭൂഷണിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കുല്‍ഭൂഷണ്‍ ജാധവിനെ കുടുക്കാന്‍ പാകിസ്താന്‍ കെട്ടിച്ചമച്ച കള്ളക്കഥകളെല്ലാം കേസിന്റെ വിചാരണയ്ക്കിടെ ഇന്ത്യ തുറന്നുകാട്ടുകയായിരുന്നു. ഇതിനിടെ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കാതിരുന്ന പാകിസ്താന്‍ ഡിസംബര്‍ 25 ന് ജാദവിന്റെ അമ്മയും സഹോദരിയും അദ്ദേഹത്തെ കാണുന്നതിന് അനുമതി നല്‍കി. എന്നാല്‍ ഇസ്ലാബാബാദിലെത്തിയ അവരെ പാകിസ്താന്‍ അധിക്ഷേപിച്ച നടപടി ഇന്ത്യയുടെ കടുത്ത വിമര്‍ശത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് കേസിലെ നാലു ദിവസം നീണ്ടവിചാരണ 2019 ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പൂര്‍ത്തിയായത്. ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്ന് വരുമ്പോള്‍ പാകിസ്ഥാന്‍ ഇനി എങ്ങനെ പ്രവര്‍ത്തിക്കും എന്നതാണ് അറിയോണ്ടത്.

അംഗീകരിച്ചത് പകുതി വാദം മാത്രം

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്രകോടതിയുടെ തീരുമാനം ഇന്ത്യന്‍ മാധ്യമങ്ങളും സര്‍ക്കാരും വിശകലന വിദഗ്ധരും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിജയമായാണ് വിശേഷിപ്പിക്കുന്നത്. അതേ പതിനാറ് പേരടങ്ങുന്ന സമിതിയില്‍ പാക് പ്രതിനിധി ഉള്‍പ്പെടെ പതിനഞ്ച് പേരും ഇന്ത്യക്കൊപ്പം നിന്നെങ്കില്‍ തീര്‍ച്ചയായും അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം. എന്നാല്‍ ഈ കേസില്‍ ഇന്ത്യ മുന്നോട്ടു വച്ച നിര്‍ദേശങ്ങളോ പരിഹാരമാര്‍ഗങ്ങളോ കോടതി അനുകൂലമായി കണ്ടില്ലെന്ന് കൂടി പറയേണ്ടിയിരിക്കുന്നു. വിധിയില്‍ അമിതാവേശം കാണിക്കുന്നവര്‍ ഓര്‍ക്കേണ്ടതും ഇതാണ് ഇന്ത്യയുടെ പകുതി വാദങ്ങള്‍ മാത്രമാണ് കോടതി ശ്രദ്ധിച്ചത്. അത് പാകിസ്ഥാന് അനുകൂലമാകും എന്നതിന്റെ തെളിവാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. അന്താരാഷ്ട്രകോടതിയുടെ നിലപാട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇസ്ലാമാബാദുമായുള്ള തര്‍ക്കങ്ങളില്‍ ന്യൂഡല്‍ഹിയുടെ നിലപാടിനെ അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം, ജാദവിനെതിരായ മൊത്തത്തിലുള്ള കേസ്, പ്രാദേശിക നയങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഒരു പ്രധാന ഉദാഹരണമായി പാകിസ്ഥാന്‍ കരുതുന്നു.

പന്ത് പാക് കോര്‍ട്ടില്‍ തന്നെ

വിധി അനുകൂലമെന്ന് ഇന്ത്യ സന്തോഷിക്കുമ്പോള്‍ പന്ത് ഇപ്പോഴും പാകിസ്ഥാന്റെ കോര്‍ട്ടിലാണെന്ന് കൂടി നാം ഓര്‍ക്കണം. അന്താരാഷ്ട്രകോടതിയുടെ നിലപാട് ജാദവില്‍ പാകിസ്ഥാന്‍ എങ്ങനെ സ്വീകരിക്കും എന്നതാണ് മുഖ്യം. ‘ഫലപ്രദമായ അവലോകനവും പുനര്‍വിചിന്തനവും ചെയ്യാനുള്ള മനസ് പാകിസ്ഥാന്‍ കാണിക്കേണ്ടിയിരിക്കുന്നു. അതിന് ആ രാജ്യം തയ്യാറാകുമോ എന്നത് തന്നെയാണ് ഏറ്റവും വലിയ ആശങ്ക. വിധി വന്നയുടനെ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പാകിസ്ഥാന്‍ അടുത്ത നീക്കത്തെക്കുറിച്ച് സമ്മിശ്ര സൂചനകള്‍ നല്‍കിയിട്ടുണ്ട്. ”വിധി കേട്ട ശേഷം പാകിസ്ഥാന്‍ ഇപ്പോള്‍ നിയമപ്രകാരം മുന്നോട്ട് പോകും” എന്നത് ഇന്ത്യക്ക് ആശ്വസിക്കാനുള്ളതും കേസ് റദ്ദാക്കണമെന്നോ, ജാധവിനെ മോചിപ്പിച്ച് തിരിച്ചയക്കണമെന്നോ കോടതി വിധിക്കാതിരുന്നതില്‍ കോടതിയെ അഭിനന്ദിക്കുന്നു എന്നതു വഴി ഇക്കാര്യത്തില്‍ തങ്ങളാണ് ശരിയെന്ന് ബോധ്യപ്പെടുത്താനുള്ള സമയം നല്‍കിയതിനുള്ള നന്ദിയാണ് പാകിസ്ഥാന്‍ അറിയിക്കുന്നത്.

അന്താരാഷ്ട്രപ്രതിഛായയില്‍ കുടുങ്ങി പാകിസ്ഥാന്‍

ഇസ്ലാമാബാദിനെ സംബന്ധിച്ചിടത്തോളം, ഐസിജെ വിധിന്യായങ്ങള്‍ തീര്‍ത്തും തള്ളിപ്പറയാനുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അല്ല ഇപ്പോഴുള്ളത്. രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെക്കുറിച്ച് അവര്‍ നിരന്തരം ആശങ്കാകുലരാണ്. ഉത്തരവാദിത്തവും മാന്യവുമായ ഒരു രാഷ്ട്രമെന്ന നിലയില്‍ മുന്നേറാനുള്ള ശ്രമം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. അടുത്തിടെ ഡസന്‍ കണക്കിന് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റുചെയ്തത്, പേയ്‌മെന്റ് ബാലന്‍സ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ചെലവുചുരുക്കല്‍ ബജറ്റ് നടപ്പാക്കാനുള്ള തീരുമാനം, പാകിസ്ഥാനിലെ വിദേശ ടൂറിസം ഉയര്‍ത്താനുള്ള നീക്കങ്ങള്‍, പത്രസ്വാതന്ത്ര്യത്തെ ബഹുമാനിച്ച് ലണ്ടനില്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശം ഇവയെല്ലാം ആഗോള ധാരണകള്‍ മെച്ചപ്പെടുത്തണമെന്നുള്ള ആഗ്രഹത്തില്‍ നിന്നുണ്ടാകുന്നതാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ പുതിയ നിയമം ഉണ്ടാക്കിയോ കേസില്‍ പുനപരിശോധന നടത്തിയോ പാകിസ്ഥാന്‍ നിലപാടറിയിക്കും, അത് അനുകൂലമല്ലെങ്കില്‍ ഇന്ത്യക്ക് വീണ്ടും അന്താരാഷ്ട്രകോടതിയെ സമീപിക്കാം എന്നതിനാല്‍ കരുതലോടെയാകും അടുത്ത നീക്കങ്ങള്‍. പതിനാറില്‍ പതിനഞ്ച് പേരും ചൂണ്ടിക്കാട്ടിയ കാര്യത്തില്‍ പുതിയതായി എന്തെങ്കിലും പറയാന്‍ പാകിസ്ഥാന് ഇല്ലെങ്കില്‍ ജാദവ് കുറഞ്ഞ പക്ഷം വധശിക്ഷയില്‍ നിന്നെങ്കിലും രക്ഷപ്പെട്ടേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button